ചെന്നൈ: 19 കാരിയായ പാക് പെൺകുട്ടിക്ക് ചെന്നൈയിലെ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയിലൂടെ പുതുജീവന്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് അയേഷ റഷാന്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയെ ചികിത്സിച്ചത്.
2014-ൽ ആണ് അയേഷയെ കൺസൾട്ടേഷനായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. എംജിഎം ഹെല്‍ത്ത് കെയറിലെ ഡോ. കെ ആർ ബാലകൃഷ്‌ണനാണ് പെണ്‍കുട്ടിയെ ചികിത്സിച്ചത്. ഡോക്‌ടറുടെ നിർദേശ പ്രകാരം അന്ന് അയേഷയുടെ ഹൃദയത്തില്‍ ഒരു ഉപകരണം ഘടിപ്പിക്കുകയായിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉപകരണത്തിന് ചില പ്രശ്‌നങ്ങൾ ഉണ്ടായി. ഇതോടെ വീട്ടുകാർ പെൺകുട്ടിയെ ചികിത്സക്കായി വീണ്ടും ഇന്ത്യയിലെത്തിക്കുകയായിരുന്നു. പരിശോധനകള്‍ക്കും മറ്റുമായി 18 മാസമായി പെണ്‍കുട്ടിയും കുടുംബവും ഇന്ത്യയിൽ താമസിക്കുകയാണ്.
പെൺകുട്ടിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്താനാണ് ഡോക്‌ടര്‍മാർ നിർദ്ദേശിച്ചത്. എന്നാല്‍, ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് കുടുംബം ഡോക്‌ടര്‍മാരെ അറിയിച്ചു. തുടര്‍ന്ന് ഡോക്‌ടർമാർ ഐശ്വര്യം ട്രസ്‌റ്റിനെ (എൻജിഒ) വിവരമറിയിച്ചു. തുടർന്ന് ഐശ്വര്യം ട്രസ്‌റ്റിന്‍റെയും എംജിഎം ഹെൽത്ത് കെയറിന്‍റെയും സഹായത്തോടെ രോഗിക്ക് സൗജന്യ ശസ്‌ത്രക്രിയ നടത്തുകയായിരുന്നു.
ആറ് മാസം മുമ്പാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡൽഹിയിൽ നിന്നാണ് അയേഷയ്ക്കുള്ള ഹൃദയം എത്തിച്ചത്. ആശുപത്രി അധികൃതര്‍ക്ക് പെണ്‍കുട്ടിയുടെ അമ്മ നന്ദി അറിയിച്ചു. നിലവില്‍ പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നാണ് ഹോസ്‌പിറ്റല്‍ അധികൃതര്‍ അറിയിക്കുന്നത്.
Also Read : സ്‌കൂളുകളിലെ 'ആരോഗ്യ വിദ്യാഭ്യാസം'; ഭാവിയിലേക്കുള്ള അടിത്തറ...