ന്യൂഡൽഹി: പുതിയതായി മൂന്ന് ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ശരിയായ സംവാദങ്ങളൊ ചർച്ചകളോ ഒന്നും നടത്താതെ നിലവിലുളള നിയമങ്ങളെ പുതിയ മൂന്ന് ബില്ലുകൾകൊണ്ട് തകർക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നീ നിയമങ്ങൾക്ക് പകരമാണ് ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം നിയമങ്ങൾ വന്നത്.
'പുതിയ നിയമങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിൽ 90 മുതൽ 99 ശതമാനം നിയമങ്ങൾ വെട്ടിയും തിരുത്തിയും പകർത്തിയെഴുന്നവയുമാണ്. നിലവിലുള്ള മൂന്ന് നിയമങ്ങളിൽ കുറച്ച് ഭേദഗതികൾ വരുത്തിയാൽ അത് പുതിയ നിയമമായി. പുതിയ നിയമങ്ങളിൽ കുറച്ച് മെച്ചപ്പെടുത്തലുകൾ ഉണ്ട്, ഞങ്ങൾ അവയെ സ്വാഗതം ചെയ്യുന്നു.
എന്നാൽ അവയെ ഭേദഗതികളായി അവതരിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ മറുവശത്ത് നിരവധി പിന്തിരിപ്പൻ വ്യവസ്ഥകൾ ഉണ്ട്. ചില മാറ്റങ്ങൾ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ്'- അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങളായ എംപിമാർ വ്യവസ്ഥകൾ പരിശോധിച്ച് മൂന്ന് ബില്ലുകളിലേക്കും വിശദമായ വിയോജനക്കുറിപ്പുകൾ എഴുതിയെന്ന് അദ്ദേഹം പറഞ്ഞു. വിയോജനക്കുറിപ്പുകളിലെ വിമർശനങ്ങളൊന്നും സർക്കാർ തള്ളുകയോ മറുപടി പറയുകയോ ചെയ്‌തില്ലെന്നും പാർലമെൻ്റിൽ അതിനെക്കുറിച്ച് ചർച്ച നടന്നില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.
നിയമ പണ്ഡിതന്മാരും ബാർ അസോസിയേഷനുകളും ജഡ്‌ജിമാരും അഭിഭാഷകരും നിരവധി ലേഖനങ്ങളിലും സെമിനാറുകളിലും പുതിയ മൂന്ന് നിയമങ്ങളിലെ ഗുരുതരമായ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു. എന്നാൽ, ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരിൽ നിന്നും ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷാ നടപടിക്ക് പ്രാമുഖ്യം നൽകിയിരുന്ന ബ്രിട്ടീഷ് കാലത്തെ നിയമങ്ങളിൽ നിന്ന് വ്യത്യസ്‌തമായ പുതിയ നിയമങ്ങൾ നീതി ലഭ്യമാക്കുന്നതിന് മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
Also read: ഭാരതീയ ന്യായ് സംഹിത: രാജ്യതലസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തു