തെലങ്കാന: ആരോഗ്യ രംഗത്തെ വലിയ വിപ്ലവത്തിനാണ് ഹൈദരാബാദിലെ ഒസ്‌മാനിയ മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പൊളളലേറ്റ് ഇരുട്ടിലേക്ക് വീണുപോയ ജീവനുകള്‍ക്ക് പ്രകാശത്തിന്‍റെ പുതുജീവന്‍ നല്‍കുകയാണ് ഒസ്‌മാനിയ ആശുപത്രിയിലെ സ്‌കിന്‍ ബാങ്ക്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ 34 പേരുടെ ജീവിതമാണ് ഇവിടെ തിരുത്തി എഴുതപ്പെട്ടത്. 18 പേരില്‍ നിന്ന് ശേഖരിച്ച ചര്‍മ്മം ആണ് ചികിത്സയ്‌ക്കായി ഉപയോഗിച്ചത്.
എങ്ങനെയാണ് സ്‌കിന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്?: രണ്ടര വര്‍ഷം മുമ്പാണ് ഒസ്‌മാനിയ ആശുപത്രിയില്‍ ചര്‍മ്മ ബാങ്ക് സ്ഥാപിക്കുന്നത്. പൂനെയിലെ നാഷണൽ ബേൺസ് സെൻ്ററിലെ ഡോക്‌ടര്‍മാരില്‍ നിന്ന് പരിശീലനം ലഭിച്ച ഡോക്‌ടര്‍മാരാണ് ഒസ്‌മാനിയ ആശുപത്രിയില്‍ സേവനം അനുഷ്‌ഠിക്കുന്നത്. മരിച്ച ആളുകളുടെ ചര്‍മമാണ് വീട്ടുകാരുടെ സമ്മതത്തോടെ ചര്‍മ്മ ബാങ്കില്‍ ശേഖരിക്കുന്നത്.
തുട, കാല്‍, പുറം എന്നീ ഭാഗങ്ങളിലെ ചര്‍മ്മമാണ് ശേഖരിക്കുക. ചര്‍മ്മം അഞ്ച് വര്‍ഷം വരെ സൂക്ഷിക്കാന്‍ കഴിയും. ഈ ചര്‍മ്മം താത്‌കാലിക കവചങ്ങളായാണ് ഉപയോഗിക്കുന്നത്. പുതിയ ചര്‍മം വരുന്നത് വരെ ഈ ചര്‍മം ശരീര ഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കും.
തീപിടിത്തം മൂലം പൊളളലേറ്റവര്‍ക്കാണ് ചര്‍മ്മം വച്ചുപിടിപ്പിക്കുക. ശരീരത്തില്‍ 30 മുതല്‍ 40 ശതമാനം വളരെ പൊളളല്‍ ഏല്‍ക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. എന്നാല്‍ 60 ശതമാനം വരെ പൊളളലേറ്റവരെയും ഒസ്‌മാനിയ മെഡിക്കല്‍ കോളജ് ജീവിതത്തിലേക്ക് കൈപിടിച്ചിട്ടുണ്ട്. ആറ് മാസം പ്രായമായ കുട്ടികള്‍ മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ആശുപത്രിയില്‍ നിന്നും കൂടുതലായും ഈ ചികിത്സ ലഭിച്ചിട്ടുള്ളത്.
കാർത്തികിൻ്റെ അതിജീവന കഥ: അപകടത്തില്‍ ഏഴ് വയസുകാരനായ കാര്‍ത്തിക്കിന്‍റെ കാലുകള്‍ക്ക് ഗുരുതരമായി പൊളളലേറ്റു. അത്യാസന്ന നിലയില്‍ ഒസ്‌മാനിയ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കാര്‍ത്തികിന്‍റെ കാലില്‍ ചര്‍മ്മം വച്ചുപിടിപ്പിച്ചു. മൂന്ന് മാസത്തെ ചികിത്സയ്‌ക്ക് ശേഷം കാര്‍ത്തിക് ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് മാത്രമല്ല സ്‌കൂളില്‍ പോകാനും തുടങ്ങി. സ്‌കിന്‍ ബാങ്ക് ചികിത്സയിലൂടെ ശോഭനമായ ഭാവിയിലേക്ക് അവന്‍ വീണ്ടും നടന്നു തുടങ്ങുകയും ചെയ്‌തു.
ചര്‍മ്മം വച്ചുപിടിപ്പിക്കലിന്‍റെ ഗുണം എല്ലാവരിലും എത്തിക്കാനാണ് ശ്രമിക്കുന്നത്: 'അഞ്ച് വര്‍ഷം വരെ ചര്‍മ്മം സൂക്ഷിച്ച് വയ്‌ക്കാം. സൗജന്യമായാണ് ചര്‍മ്മം രോഗികള്‍ക്ക് നല്‍കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചര്‍മം വച്ചുപിടിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് വേണ്ടിവരിക. ഒന്നിലധികം സര്‍ജറികള്‍ ചെയ്യേണ്ടി വരും. എന്നാല്‍ ചര്‍മ്മം വച്ചുപിടിപ്പിക്കലിന്‍റെ ഗുണം എല്ലാവരിലും എത്തിക്കുകയാണ് ഞങ്ങള്‍' എന്ന് ഒസ്‌മാനിയ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ പലകുറി ലക്ഷ്‌മി പറഞ്ഞു.
പൊളളലേറ്റ പാടുകള്‍ വെറും പാടുകള്‍ മാത്രമല്ല. അവയ്ക്ക് ജീവിതം തന്നെ ഇല്ലാതാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ചര്‍മ്മം വച്ചുപിടിപ്പിക്കുന്നതിലൂടെ പലപ്പോഴും പലരുടെയും ജീവിതമാണ് തിരിച്ച് പിടിക്കുന്നത്. അതിനാല്‍ ചര്‍മ്മം ധാനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കേണ്ടതുണ്ട്.