ന്യൂഡല്‍ഹി : നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എഎപി എംഎല്‍എമാരെ ബിജെപി വേട്ടയാടാന്‍ ശ്രമിക്കുന്നതായും കെജ്‌രിവാള്‍ ആരോപിച്ചു. മദ്യനയ കേസിലെ അഴിമതി ആരോപണത്തില്‍ വീണ്ടും സമന്‍സ് ലഭിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ നീക്കം.
70 അംഗ ഡല്‍ഹി നിയമസഭയില്‍ ആംആദ്‌മിക്ക് 62 എംഎല്‍എമാരാണുള്ളത്. കേസില്‍ ഇഡി സമന്‍സ് ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റിലാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ നീക്കമെന്നാണ് സൂചന.
തന്‍റെ സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും അതിനായി എംഎല്‍എമാരെ സമീപിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു. മദ്യനയ അഴിമതി കേസില്‍ താന്‍ അറസ്റ്റിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി എംഎല്‍എമാരെ ബിജെപി സമീപിച്ചതെന്നും അദ്ദേഹം പറയുന്നു.
21 എഎപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എംഎല്‍എമാര്‍ക്കിടയില്‍ ബിജെപി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ചു. 25 കോടി വീതം വാഗ്‌ദാനം ചെയ്‌താണ് ബിജെപി എഎപി എംഎല്‍എമാരെ സമീപിച്ചതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പണം നല്‍കി തങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം നടത്തിയതായി രണ്ട് എംഎല്‍എമാര്‍ തന്നെ വിവരം അറിയിച്ചുവെന്നും എന്നാല്‍ അവര്‍ പണം കൈപ്പറ്റിയില്ലെന്നും കെജ്‌രിവാള്‍ നിയമസഭയില്‍ പറഞ്ഞു.
ബിജെപിയുടെ ശ്രമം നേരത്തെയും : എഎപിയുടെ ഏഴ് എംഎല്‍എമാരെ ബിജെപി നേതാക്കള്‍ സമീപിച്ചുവെന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചിരുന്നു. മദ്യനയ കേസില്‍ അധികം വൈകാതെ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകും, നിങ്ങള്‍ക്ക് ഞങ്ങള്‍ കോടികള്‍ നല്‍കാം. നിങ്ങള്‍ ബിജെപിയിലേക്ക് വരൂവെന്നുമാണ് ബിജെപി എഎപി എംഎല്‍എമാരോട് പറഞ്ഞത്.
ആംആദ്‌മി സര്‍ക്കാരിനെ ഞങ്ങള്‍ താഴെയിറക്കും. ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ജയിപ്പിക്കാമെന്നും ബിജെപി എംഎല്‍എമാര്‍ക്ക് വാഗ്‌ദാനം നല്‍കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു.
തനിക്കെതിരെയുള്ളത് രാഷ്‌ട്രീയ ഗൂഢാലോചന : തനിക്കെതിരെ ആരോപിക്കുന്ന മദ്യനയ കേസ് ഒരു അഴിമതിയല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ നേതക്കന്മാര്‍ക്കെതിരെയുള്ളത് പോലെയുള്ള കേസ് തന്നെയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കേസില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരികയെന്നതല്ല അവരുടെ ലക്ഷ്യം. മറിച്ച് കേസില്‍ അകപ്പെടുത്തി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം.
ആംആദ്‌മിയെ താഴെയിറക്കാതെ ബിജെപിയ്‌ക്ക് തലസ്ഥാനത്ത് വിജയിക്കാന്‍ കഴിയാത്തത് കൊണ്ടാണിതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ശനിയാഴ്‌ച (ഫെബ്രുവരി 17) നടക്കും.