ഊട്ടി: കുളിര് തേടി, കോടമഞ്ഞ് വീഴുന്ന മനോഹര കാഴ്‌ചകൾക്കായി സഞ്ചാരികൾ ആദ്യം തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഊട്ടി. തമിഴ്‌നാട്ടിലാണെങ്കിലും കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം സഞ്ചാരികൾ ഊട്ടി കാണാനെത്തുന്നത്. ഇത്തവണ ഊട്ടിയില്‍ മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതല്‍ തണുപ്പാണെന്നാണ് റിപ്പോർട്ടുകൾ.
2.5 ഡിഗ്രിയിലും താഴെയാണ് ഊട്ടിയിലെ ഇപ്പോഴത്തെ താപനില. ആര്‍ദ്രത 65 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. ഇതോടെ ഊട്ടിയും പരിസരങ്ങളും നിറയെ മഞ്ഞുറഞ്ഞ കാഴ്‌ചകളാണ്.
എല്ലാ വർഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഊട്ടിയില്‍ തണുപ്പ് വർധിക്കുന്നത്. എന്നാല്‍ ഇക്കൊല്ലം കനത്ത മഴമൂലം ഏറെ വൈകി ജനുവരി അവസാനത്തോടെയാണ് തണുപ്പ് തുടങ്ങിയിരിക്കുന്നത്. നഗരത്തിലും പ്രാന്തപ്രദേശങ്ങളായ കാന്തല്‍, പിങ്കര്‍പോസ്റ്റ്, തലൈകുന്ത എന്നിവിടങ്ങളിലും മഞ്ഞ് പെയ്യുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് മഞ്ഞുവീഴ്ച രൂക്ഷമാകുന്നത്. സന്ധ്യയോടെ തുടങ്ങുന്ന തണുപ്പ് രാവിലെ ഒമ്പതുവരെ തുടരും.
കൊടുംതണുപ്പ് മൂലം ജനജീവിതം തടസപ്പെട്ടിട്ടുണ്ട്. രാവിലെ പലര്‍ക്കും വീടിന് പുറത്ത് ഇറങ്ങാനാകുന്നില്ല. ആളുകള്‍ ചൂടുകായാന്‍ തീ കൂട്ടി ഇരിക്കുന്നതും കാണാം. പുല്‍ത്തകിടികളിലും വാഹനങ്ങള്‍ക്ക് മുകളിലും മഞ്ഞ് പാളികള്‍ കാണാം. വാഹനങ്ങള്‍ക്ക് മുകളില്‍ ഒരിഞ്ച് കനത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെട്ടിട്ടുണ്ട്. രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് അടക്കം ഇഥ് തടസമാകുന്നുണ്ട്.
തണുപ്പ് ആസ്വദിക്കാനായാണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നതെങ്കിലും രക്തം പോലും ഉറഞ്ഞ് പോകുന്ന കാലാവസ്ഥയില്‍ ഇങ്ങോട്ടെത്താന്‍ സഞ്ചാരികള്‍ മടിക്കുന്നുണ്ട്. മലയാളികള്‍ അടക്കമുള്ളവര്‍ ഗണ്യമായി എത്തുന്ന ഈ മേഖലയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇത് ഇവിടെയള്ള പ്രാദേശിക ടൂറിസത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തണുപ്പില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് വിനോദസഞ്ചാരമേഖല പ്രതാപത്തിലേക്ക് മടങ്ങാന്‍ സഹായിച്ചേക്കും.
കഴിഞ്ഞ കൊല്ലവും ഊട്ടിയില്‍ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. അതേസമയം വടക്കേന്ത്യയില്‍ കൊടുംതണുപ്പ് തുടരുകയാണ്. ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. മൂടല്‍മഞ്ഞുമൂലം നിരവധി അപകടങ്ങളും നിരത്തുകളില്‍ ഉണ്ടാകുന്നുണ്ട്. കാഴ്ച ദൂരം കുറയുന്നതാണ് വില്ലനാകുന്നത്.
Also Read: തകർന്ന റോഡിൽ വിജിലൻസ് പരിശോധന; താറുമാറായി കോഴിക്കോട് - ഊട്ടി ഹ്രസ്വദൂര പാത