ആന്ധ്രാപ്രദേശ് : ലോൺ ആപ്പുകളുടെ കെണിയിൽ വീണ് എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു. വിജയവാഡയ്ക്കടുത്തുള്ള പ്രശസ്‌തമായ എഞ്ചിനീയറിങ് കോളജിൽ അവസാന വർഷ വിദ്യാർഥിയായ വംശിയാണ് ലോൺ ആപ്പ് നടത്തിപ്പുകാരുടെ സമ്മർദ്ദം താങ്ങാനാവാതെ കൃഷ്‌ണ നദിയിൽ ചാടി ആത്മഹത്യ ചെയ്‌തത്.
വംശി ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽ കുടുങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റ് വഴി ലഭിച്ച സോഫ്റ്റ്‌വെയർ ജോലിക്ക് ജോയിൻ ചെയ്യാൻ ഏതാനം മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആത്മഹത്യ. ഉയർന്ന പലിശയ്ക്കായുള്ള ഓൺലൈൻ അഡ്‌മിനിസ്ട്രേറ്റർമാരുടെ സമ്മർദമാണ് ആത്മഹത്യയ്‌ക്ക് കാരണം.
പഠനത്തിൽ എന്നും മികവ് പുലർത്തിയിരുന്ന വംശി നാല് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ, പുതിയ കരിയർ തുടങ്ങാനിരിക്കെയാണ് ലോൺ ആപ്പുകളുടെ കെണിയിൽ വീണത്. പ്രധാന തുക തിരിച്ചടച്ചിട്ടും, ആപ്പ് അഡ്‌മിനിസ്‌ട്രേറ്റർമാർ അമിതമായ പലിശയ്‌ക്കായി നിരന്തരം വംശിയിൽ സമ്മർദം ചെലുത്തിയിരുന്നു. കട ബാധ്യത വീട്ടിൽ തുറന്നുപറയാനാകാതെ ഈ മാസം 25-ന് വംശി വീടുവിട്ടിറങ്ങി കൃഷ്‌ണ നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വംശി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അച്‌ഛന്‍റെ സെൽഫോണിൽ 'എന്നോട് ക്ഷമിക്കൂ' എന്ന സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും രണ്ട് ദിവസമായി ഇയാളെ തിരയുകയുമായിരുന്നു. നദീതീരത്ത് വംശിയുടെ ബൈക്ക് കണ്ടെത്തിയെങ്കിലും അയാൾ എവിടെയാണെന്നുള്ളത് അജ്ഞാതമായിരുന്നു.
തിങ്കളാഴ്‌ച (മെയ് 27) രാവിലെ കൃഷ്‌ണ നദിയിൽ അജ്ഞാത മൃതദേഹം കണ്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം വംശിയുടേതാണെന്ന് കണ്ടെത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മകന്‍റെ ജീവനറ്റ ശരീരം കണ്ട കുടുംബവും ദുഖത്തിലായി.
ലോൺ ആപ്പുകൾ വഴി വംശി എത്ര പണം കടം വാങ്ങി, എത്ര തുക തിരിച്ചടച്ചു എന്നതിൽ വ്യക്തതയില്ല. ക്രിക്കറ്റ് വാതുവെപ്പിന് വേണ്ടിയാണ് വായ്‌പയെടുത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓൺലൈൻ വായ്പാ ആപ്പുകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കടം വാങ്ങുന്നയാൾ മരിച്ചതിനു ശേഷവും ആപ്പ് ഓപ്പറേറ്റർമാർ കുടുംബാംഗങ്ങളെ ഫോൺ വിളിച്ച് ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് തടേപ്പള്ളി സിഐ കല്യാൺ രാജു പറഞ്ഞു. അടുത്തിടെ എൻടിആർ ജില്ലയിലെ ഒരു യുവാവും ലോൺ ആപ്പ് ഓപ്പറേറ്റർമാരുടെ പീഡനത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചിരുന്നു. ഇത്തരം ഓൺലൈൻ ലോൺ ആപ്പുകള്‍ക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
ALSO READ : തൃക്കരിപ്പൂർ പോളിടെക്‌നിക് കോളജ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ