ശ്രീ ഗംഗാനഗർ (രാജസ്ഥാൻ) : സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഓൺലൈൻ വിവരങ്ങൾ മോഷ്‌ടിച്ച് വിദേശത്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ (online data stealing). നസീബ്‌ചന്ദ് എന്ന യുവാവാണ് അറസ്റ്റിലായത്. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്കിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പടെ വിവിധ പൊതു, സ്വകാര്യ വിവരങ്ങൾ മൊബൈൽ ഫോണുകളിലെ ടെലഗ്രാം ചാനലുകൾ വഴി വിദേശ രാജ്യങ്ങളിലേക്ക് ഇയാൾ കൈമാറിയതായി പൊലീസ് അറിയിച്ചു.
പ്രതിയിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, ഒരു കമ്പ്യൂട്ടർ, രണ്ട് പെൻഡ്രൈവുകൾ, അഞ്ച് ഹാർഡ് ഡിസ്‌കുകൾ, നാല് എസ്‌എസ്‌ഡികൾ എന്നിവ കണ്ടെത്തിയതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതി ക്രിപ്‌റ്റോ കറൻസി വഴി ഇടപാട് നടത്തുകയും തുടർന്ന് ബിനാൻസ് വഴി ഇന്ത്യൻ രൂപയിൽ തുക കൈമാറ്റം നടത്തുകയും ചെയ്‌തിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. നാളിതുവരെ ഏകദേശം 1,11,000 രൂപയുടെ ഇടപാടുകൾ ഇയാൾ നടത്തി. നസീബ് ചന്ദിൽ നിന്ന് 4500 ജിബി ഡാറ്റയാണ് കണ്ടെടുത്തത്.
ശ്രീകരൻപൂർ സ്റ്റേഷൻ പരിധിയിലെ ഗ്രാമവാസിയാണ് നസീബ്‌ചന്ദിനെ കുറിച്ച് പൊലീസിന് സൂചന നൽകിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ നസീബ്‌ചന്ദ് ഡാർക്ക് വെബിൻ്റെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും ചാനലുകളിലും സജീവമായിരുന്നതായും കണ്ടെത്തി.
Also read: സൈബർ ക്രൈം; വ്യാജ സിം കാർഡുകൾ വഴി പണം തട്ടിയ സംഘത്തിലെ സൂത്രധാരൻ പിടിയിൽ
കൂടുതൽ അന്വേഷണത്തിൽ യുഎസ്, ചൈന എന്നിവിടങ്ങളിലെ പൗരന്മാരുടെ വിവരങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായും എസ്‌പി പറഞ്ഞു. ശ്രീകരൻപൂർ സർക്കിൾ ഓഫിസർ സുധ പലാവത്തിൻ്റെ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.