ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ അനുകൂല റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. ഒരേ സമയം ലോക്‌സഭ, നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് പഠിക്കാനായാണ് സമിതി രൂപീകരിച്ചത്.
2023 സെപ്‌റ്റംബര്‍ 2ന് പ്രവർത്തനം ആരംഭിച്ച സമിതി വിദഗ്‌ധരുടെ അഭിപ്രായങ്ങള്‍ തേടിയും ഗവേഷണ പ്രവർത്തനങ്ങളിലൂടെയും വിപുലമായി നടത്തിയ കൂടിയാലോചനകളിലൂടെയുമാണ് 18,626 പേജുകളുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിവിധ സമയങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് കൂടുതൽ പണച്ചെലവ് ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ തെരഞ്ഞടുപ്പ് ഒരേ സമയം നടത്തിയാൽ ചെലവ് ചുരുക്കാനാകുമെന്ന് സമിതി വിലയിരുത്തുന്നു.
എന്നാൽ കേന്ദ്രം മുന്നോട്ടുവച്ച ഈ ആശയം നടപ്പാക്കുന്നതിന് ഭരണഘടനയിലും ചില നിയമങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ഇതുസംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു സമിതി. എല്ലാ അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് ബിജെപി, കോണ്‍ഗ്രസ് തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, സിപിഐ, സിപിഐ(എം), എഐഎംഐഎം, ആർപിഐ, അപ്‌നാദൾ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളുമായി സമിതി അംഗങ്ങള്‍ ആശയവിനിമയം നടത്തിയിരുന്നു. എല്ലാ പാർട്ടികളും അവരുടെ നിർദേശങ്ങൾ രേഖാമൂലം സമിതിയ്ക്ക് കൈമാറുകയും ചെയ്‌തിരുന്നു.