കുൽത്തി (വെസ്റ്റ് ബംഗാള്‍): ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി ഒന്നര വയസുകാരി. ചെറുപ്രായത്തിൽ അത്ഭുതകരമായ ഓർമശക്തിയാണ് കുട്ടി കാഴ്‌ച വച്ചത്. 28 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിഞ്ഞാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചത്.
അസൻസോളിലെ നിയാമത്പൂർ സ്വദേശികളായ രാഹുൽ കുമാർ മൊണ്ടലിന്‍റെയും മഞ്ജു ഗരായ് മൊണ്ടലിന്‍റെയും മകളാണ് റിയാൻസി. പൂക്കള്‍, നിറങ്ങള്‍, അക്ഷരങ്ങൾ, അക്കങ്ങൾ തുടങ്ങിയവയെല്ലാം തിരിച്ചറിയാന്‍ ഈ ഒന്നര വയസുകാരിയ്‌ക്ക് കഴിയും. ഒന്നര വയസുള്ള മകളെ നന്നേ ചെറുപ്പത്തില്‍ മഞ്ജു ദേവി പഠിപ്പിച്ചു തുടങ്ങിയിരുന്നു.
നിലവിൽ വെസ്റ്റ് ബർദ്വാൻ ജില്ലാ ഭരണകൂടത്തിലെ സര്‍ക്കാര്‍ ജീവനക്കാരനാണ് രാഹുൽ, ബിദാൻ ചന്ദ്ര കോളജിൽ അധ്യാപികയാണ് മഞ്ജു. മകളെ പഠിപ്പിക്കുന്നതിനിടെയാണ് മികച്ച ഓർമശക്തി കുട്ടിക്ക് ഉള്ളത് മഞ്ജു ശ്രദ്ധിച്ചത്. കണ്ടാൽ തന്നെ റിയാൻസിക്ക് എല്ലാം ഓർത്തെടുക്കാൻ കഴിയുമെന്നാണ് മഞ്ജു അവകാശപ്പെടുന്നത്.
സംസാരിക്കാൻ കഴിയില്ലെങ്കിലും വിരൽ ചൂണ്ടി കാണിക്കാൻ കഴിയും. മുതിർന്നവർ പോലും ബുദ്ധിമുട്ടുന്ന 28 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഇപ്പോൾ റിയാൻസിക്ക് തിരിച്ചറിയാൻ കഴിയും. കൂടാതെ, നിറങ്ങൾ, വ്യത്യസ്‌ത പൂക്കൾ, ഋഷിമാർ, വ്യക്തിത്വങ്ങൾ, ലോക നായകന്മാർ എന്നിവരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.
1 മുതൽ 15 വരെയുള്ള അക്കങ്ങൾ, എ മുതൽ ഇസഡ് വരെയുള്ള അക്ഷരങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാര്യങ്ങൾ റിയാൻസിക്ക് തിരിച്ചറിയാനും ഓർമ്മിക്കാനും കഴിയും. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ഈ അത്ഭുത കുട്ടിയുടെ കഴിവിനെ അംഗീകരിച്ചു. മറ്റ് നിരവധി സമ്മാനങ്ങളും നിയമത്പൂരിലെ ഒന്നര വയസുകാരിയെ തേടി ഇതിനകം എത്തിയിട്ടുണ്ട്.
ഭാവിയിൽ റിയാൻസി ഒരു മികച്ച വ്യക്തിയായി മാറണമെന്നും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തണമെന്നും ആഗ്രഹിക്കുന്നുവെന്ന് റിയാൻസിയുടെ അമ്മ മഞ്ജു ഗരായ് മൊണ്ടലും അച്ഛൻ രാഹുൽ കുമാർ മൊണ്ടലും പറഞ്ഞു.