അമൃത്‌സർ: ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിൽ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ എൻആർഐ ദമ്പതികള്‍ക്ക് മർദനമേറ്റ സംഭവത്തിൽ സീറോ എഫ്ഐആർ ഫയൽ ചെയ്‌ത് പഞ്ചാബ് പൊലീസ്. ആക്രമണത്തിൽ പരിക്കേറ്റ കവാൽജീത് സിങ്ങിനെ കാണാൻ പഞ്ചാബ് എൻആർഐ വകുപ്പ് മന്ത്രി കുൽദീപ് സിങ് ധലിവാൾ ആശുപത്രിയില്‍ എത്തി. കവാൽജീതിൻ്റെ കുടുംബത്തിന് പഞ്ചാബ് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സിഖ്‌വീന്ദർ സിങ് സുഖുവുമായി സംസാരിച്ചതായി ധലിവാൾ പറഞ്ഞു. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ്. ഉടൻ തന്നെ എഫ്ഐആർ ഫയൽ ചെയ്യണമായിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി ഞാൻ വിഷയം ചർച്ച ചെയ്‌തിട്ടുണ്ടെന്നും ധലിവാൾ അറിയിച്ചു. പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഞ്ചാബികളായതിൻ്റെ പേരിലാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്ന് കവാൽജീതും ഭാര്യയും പിന്നീട് പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന കവാൽജീതിൻ്റെ സഹോദരനും മർദനമേറ്റിരുന്നു.
ഐപിസി സെക്ഷൻ 148, 323, 341, 354 (സ്‌ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം അമൃത്‌സറിലെ അവന്യൂ പൊലീസ് സ്‌റ്റേഷനില്‍ സീറോ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സംഭവസ്ഥലം പരിഗണിക്കാതെ ഏത് പൊലീസ് സ്‌റ്റേഷനിലും സീറോ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാം. പിന്നീട് ആവശ്യമെങ്കില്‍ അത് മറ്റൊരു സ്‌റ്റേഷന്‍ പരിധിയിലേക്ക് മാറ്റാവുന്നതാണ്.
സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചയുടൻ മൂന്ന് വിനോദസഞ്ചാരികളെയും സുൽത്താൻപൂര്‍ പൊലീസ് പോസ്‌റ്റിലേക്ക് കൊണ്ടുവരികയും, വൈദ്യപരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടതായും ഹിമാചൽ പ്രദേശ് എസ്‌പി അഭിഷേക് യാദവ് പറഞ്ഞു. എന്നാൽ പരിശോധന നടത്താൻ അവർ വിസമ്മതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും എസ്‌പി പറഞ്ഞു.