കൊല്‍ക്കത്ത: രണ്ട് വര്‍ഷം മുമ്പ് ഖരഗ്‌പൂര്‍ ഐഐടിയില്‍ ഉണ്ടായ വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് സൂചന. ഹോസ്റ്റല്‍ മുറിയില്‍ അഴുകിയ നിലയിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. എന്തെങ്കിലും വസ്‌തുക്കള്‍ കൊണ്ട് അടിച്ചതോ വെടിയേറ്റോ ആകാം മരണമെന്നും കോടതി നിയോഗിച്ച പ്രത്യേക ഫൊറന്‍സിക് വിദഗ്ദ്ധന്‍ വ്യക്തമാക്കി.
ഫൈസന്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ ആണ് മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ചെവിക്ക് താഴെ മുറിവിന്‍റെ അടയാളം കണ്ടെത്തി. മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഫോറന്‍സിക് വിദഗ്ദ്ധന്‍ എ കെ ഗുപ്‌ത പറഞ്ഞു. തന്‍റെ കണ്ടെത്തലുകള്‍ അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയിലും പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറി.
മൃതദേഹത്തിന്‍റെ ദൃശ്യങ്ങളില്‍ ധാരാളം രക്‌തവും മുറിപ്പാടും കണ്ടെത്തിയിട്ടുണ്ട്. ഇത് ആയുധം ഉപയോഗിച്ചിട്ടുണ്ടെന്നതിന്‍റെ സൂചനയാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.
കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ ഒരു തീരുമാനത്തിലേക്ക് എത്താനാകൂ. ഇത് ഒരു സാധാരണ മരണമല്ലെന്ന സൂചനയാണ് ഇതുവരെയുള്ള പരിശോധനയില്‍ നിന്ന് കിട്ടിയിട്ടുള്ളത്.
ഗുപ്‌ത ആവശ്യപ്പെട്ടിട്ടുള്ള ദൃശ്യങ്ങളും ചിത്രങ്ങളും കൈമാറണമെന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്തിമ അഭിപ്രായം അടുത്ത വിചാരണ ദിവസം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്താഴ്‌ച കേസ് വീണ്ടും പരിഗണിച്ചേക്കും. മൃതദേഹം രണ്ടാമത് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആദ്യ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നിലുള്ള മുറിപ്പാടുകള്‍ കണ്ടില്ലെന്നത് അത്ഭുതകരമാണെന്ന് പരാതിക്കാരന്‍റെ അഭിഭാഷകനായ അനിരുദ്ധ മിശ്ര പറഞ്ഞു. മൂന്നാം വര്‍ഷ ഐഐടി വിദ്യാര്‍ത്ഥിയുടെ പിതാവ് സലി അഹമ്മദാണ് മകന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
2022 ഒക്‌ടോബര്‍ പതിനാലിനാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. സത്യം പുറത്ത് വരണമെന്നാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് ഖരഗ്‌പൂര്‍ ഐഐടി അധികൃതരും വ്യക്തമാക്കി. അന്വേഷണ സംഘവുമായി തങ്ങള്‍ സഹകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കോടതി ഉത്തരവുകള്‍ അനുസരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.