ന്യൂഡല്‍ഹി: രാഷ്‌ട്രപിതാവായ ഗാന്ധിജിയെ ബ്രിട്ടീഷ് ഭരണകാലത്തിന് ശേഷം ആര്‍ക്കും അറിയുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്ന ഒരു സംവിധായകന്‍ വേണ്ടിവന്നു മഹാത്മാഗാന്ധി എന്ന അപൂര്‍വ വ്യക്തിത്വത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍. 1982ലെ ഒസ്‌കര്‍ പുരസ്‌കാരം നേടിയ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സൃഷ്‌ടിയായ ചലച്ചിത്രം ഗാന്ധിയാണ് നമ്മുടെ രാഷ്‌ട്രപിതാവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില് മോദി പറഞ്ഞു.
ഗാന്ധിജിയെ വേണ്ട വിധത്തില്‍ ലോകത്തെ പരിചയപ്പെടുത്താത്തിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അദ്ദേഹം വിമര്‍ശിച്ചു. മഹാത്മാഗാന്ധി വലിയ ഒരു മനുഷ്യനായിരുന്നു. 75 കൊല്ലത്തിനിടെ അദ്ദേഹത്തെ ആഗോളതലത്തില്‍ ശ്രദ്ധിക്കും വിധം അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്ക് ഉണ്ടായിരുന്നില്ലേ എന്നും മോദി ചോദിച്ചു.
1982ല്‍ ഗാന്ധി ചിത്രം പുറത്ത് വന്നപ്പോഴാണ് ലോകം ഇതാരാണെന്ന് ആശ്ചര്യപ്പെട്ടത്. നമ്മള്‍ അദ്ദേഹത്തെ ലോകത്തെ പരിചയപ്പെടുത്താനായി ഒന്നും ചെയ്‌തില്ല. ലോകത്തിന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും അറിയാം. അവരെക്കാള്‍ ഒട്ടും ചെറിയ ആളല്ല ഗാന്ധിജി. അക്കാര്യം എല്ലാവരും അംഗീകരിക്കണം. ലോകമെമ്പാടും സഞ്ചരിച്ചതില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യം ഗാന്ധിജിയിലൂടെയാണ് ലോകം ഇന്ത്യയെ അറിയേണ്ടത് എന്നാണ്.
നെല്‍സണ്‍ മണ്ടേലയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും എല്ലാവര്‍ക്കുമറിയാം. ഗാന്ധിജിയെയും അത്തരത്തിലാക്കാന്‍ നാം നടപടികള്‍ കൈക്കൊള്ളണം. നമ്മുടെ രാജ്യത്തെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗവും ഗാന്ധിജിയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധി അതിശക്തനായ ഒരു രാഷ്‌ട്രീയ നേതാവാണ്. അഹിംസയിലൂടെയും സമാധാനത്തിലൂടെയുമാണ് ലോക ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തിന് നിര്‍ണായക നേതൃത്വം നല്‍കിയ വ്യക്തികൂടിയാണ് അദ്ദേഹം. ഗാന്ധിജിക്ക് സമാധാന നൊബേല്‍ ലഭിച്ചിട്ടില്ലെന്നതും എടുത്ത് പറയേണ്ടതുണ്ട്. 1937നും 1948നുമിടയില്‍ അഞ്ച് തവണ അദ്ദേഹത്തെ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തിരുന്നെന്നും മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് രംഗത്ത് എത്തി. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ നാം തെരഞ്ഞെടുത്തു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ കുറിച്ചു. ലോകത്ത് എല്ലാവരും ഇന്ത്യാക്കാരെ തിരിച്ചറിയുന്നത് ഗാന്ധിജിയുടെ നാട്ടുകാര്‍ എന്ന മേല്‍വിലാസത്തിലാണെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
'ഗാന്ധിയാണ് നെല്‍സണ്‍ മണ്ടേലയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെയും വഴികാട്ടി. അവര്‍ക്ക് വര്‍ണവെറിക്കെതിരെ പോരാടാനുള്ള ഊര്‍ജ്ജം കിട്ടിയത് ഗാന്ധിജിയില്‍ നിന്നാണ്. ഗാന്ധിജി നമ്മുടെ രാജ്യത്തിന് മാത്രമല്ല ലോകത്തിന് മൊത്തം പ്രചോദനമാണ്. തെറ്റിനും ശരിക്കുമിടയിലും നീതിക്കും അനീതിക്കുമിടയിലും ഹിംസയ്ക്കും സമാധാനത്തിനുമിടയിലും ധീരതയ്ക്കും ഭീരുത്വത്തിനുമിടയില്‍ പാറപോലെ ഉറച്ച് നിന്ന വ്യക്തിത്വമാണ് ഗാന്ധിജി. എന്നാല്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പോലുള്ളവരുടെ ആരാധകനായ നിങ്ങള്‍ക്ക് അദ്ദേഹത്തെയോ അദ്ദേഹത്തിന്‍റെ മഹത്വമോ മനസിലാകില്ലെ'ന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: പ്രധാനമന്ത്രിയുടെ ധ്യാനം; കന്യാകുമാരിയില്‍ കനത്ത സുരക്ഷ; കാവലിന് രണ്ടായിരം പൊലീസുദ്യോഗസ്ഥര്‍