പട്‌ന: ലോക്‌സഭയില്‍ ഇത്തവണ 4000-ത്തിലധികം സീറ്റുകൾ എൻഡിഎ നേടുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രവചനം. നവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് നിതീഷിന്‍റെ പരാമര്‍ശം. നിതീഷ്‌കുമാറിന്‍റെ നാക്കുപിഴയെ വ്യാപകമായി ട്രോളുകയാണ് സോഷ്യല്‍ മീഡിയ.
പ്രസംഗത്തിനിടെ ചാര്‍ ലാക് (നാല് ലക്ഷം), പിന്നീട് സ്വയം തിരുത്തി ചാർ ഹസാർ സേ ഭി സ്യാദ (4,000-ത്തിലധികം) സീറ്റുകള്‍ നേടും എന്ന് പറയുന്ന വീഡിയോ ശകലമാണ് പ്രചരിക്കുന്നത്.
ആര്‍ജെഡി വക്താവ് സരിക പാസ്വാൻ ഉൾപ്പെടെ നിരവധി ആർജെഡി നേതാക്കൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'പ്രധാനമന്ത്രിക്ക് നാല് ലക്ഷത്തിലധികം എംപിമാരെ നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം. എന്നാല്‍ അത് കൂടുതലായി പോകുമെന്ന് കരുതി 4,000 ആക്കാമെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാകും'- പാസ്വാൻ എക്‌സിൽ കുറിച്ചു.
“അടൽ ബിഹാരി വാജ്‌പേയിയുടെയും ലാൽ കൃഷ്‌ണ അദ്വാനിയുടെയും അനുരഞ്ജന പാതയിൽ നിന്ന് വ്യതിചലിച്ചുവെന്ന് നിതീഷ് ജി പലപ്പോഴും ആരോപിക്കുന്ന അതേ വ്യക്തിയല്ലേ നരേന്ദ്ര മോദി? അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുമായുള്ള അത്താഴം അദ്ദേഹം റദ്ദാക്കിയിരുന്നില്ലേ? എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു.
ബിഹാറില്‍ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ നാക്ക് പിഴകളുടെ പേരില്‍ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. താന്‍ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു എന്ന അദ്ദേഹത്തിന്‍റെ പരാമർശത്തെ അന്ന് ബിജെപി കണക്കിന് പരിഹസിച്ചിരുന്നു. വാർദ്ധക്യം കാരണമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നായിരുന്നു അന്ന് ബിജെപിയുടെ പരിഹാസം. നവാഡയിലെ സംഭവത്തില്‍ പ്രതികരിക്കാൻ ജെഡിയു നേതാക്കൾ തയാറായിട്ടില്ല.