'വാക്കുകള്‍ വളച്ചൊടിച്ചു' ; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും ജയറാം രമേശിനും വക്കീല്‍ നോട്ടിസ് അയച്ച് നിതിന്‍ ഗഡ്‌കരി - ഖാര്‍ഗെയ്‌ക്ക് നോട്ടിസ്
ഒരു വെബ് പോര്‍ട്ടലിന് ഗഡ്‌കരി നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കിട്ടിരുന്നു. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഗഡ്‌കരി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചത്.


Published : Mar 2, 2024, 11:25 AM IST
നാഗ്‌പൂര്‍ : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയെ അപകീര്‍ത്തി പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനും വക്കീല്‍ നോട്ടിസ് (Nitin Gadkari sent legal notices to Mallikarjun Kharge and Jairam Ramesh). താന്‍ നല്‍കിയ ഒരു അഭിമുഖത്തിലെ ഭാഗങ്ങള്‍ തെറ്റായ സാഹചര്യത്തിലും അര്‍ഥത്തിലും പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ഗഡ്‌കരി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചത്. കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ച വീഡിയോ കണ്ട് തന്‍റെ കക്ഷി അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്ന് നിതിന്‍ ഗഡ്‌കരിയുടെ അഭിഭാഷകന്‍ ബാലേന്ദു ശേഖര്‍ പറഞ്ഞു.
നിതിന്‍ ഗഡ്‌കരി 'ദി ലാലന്‍ടോപ്പ്' എന്ന വെബ് പോര്‍ട്ടലിന് നല്‍കി അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടത്. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രസ്‌തുത വീഡിയോ, ഗഡ്‌കരി പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശ ശുദ്ധിയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേന്ദ്ര മന്ത്രിയായ ഗഡ്‌കരിയെ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായി ചിത്രീകരിക്കാനും അപകീര്‍ത്തി പെടുത്താനും ഉദ്ദേശിച്ചാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതെന്ന് നോട്ടിസില്‍ പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയോടുള്ള വോട്ടര്‍മാരുടെ താത്‌പര്യത്തില്‍ വിള്ളല്‍ വരുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ആരോപണമുണ്ട്.
'ഗ്രാമങ്ങളും തൊഴിലാളികളും കര്‍ഷകരും ഇന്ന് അസന്തുഷ്‌ടരാണ്. ഗ്രാമങ്ങളില്‍ നല്ല റോഡുകളും കുടിവെള്ളവും ആശുപത്രികളും സ്‌കൂളുകളും ഇല്ല. മോദി സര്‍ക്കാരിലെ മന്ത്രി നിതിന്‍ ഗഡ്‌കരി' -എന്ന കുറിപ്പോടെയാണ് ഗഡ്‌കരി അഭിമുഖത്തില്‍ പറഞ്ഞ ചില ഭാഗങ്ങള്‍ കോണ്‍ഗ്രസ് ഗഡ്‌കരിയുടെ കുറ്റസമ്മതം എന്ന രീതിയില്‍ പങ്കുവച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ചില പ്രസക്ത ഭാഗങ്ങളും ചേര്‍ത്ത് ഗഡ്‌കരിയുടെ വീഡിയോ ജയറാം രമേശ് എക്‌സില്‍ റീ പോസ്റ്റ് ചെയ്‌തത് (Kharge and Jairam Ramesh X post on Nitin Gadkari).
സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനോടും ജനറല്‍ സെക്രട്ടറിയോടും രേഖാമൂലം ക്ഷമാപണം നടത്താനും 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് എക്‌സില്‍ നിന്ന് നീക്കം ചെയ്യാനും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടിസില്‍ മുന്നറിയിപ്പുണ്ട്.