മുംബൈ: കേരളത്തിനെതിരായ 'മിനി പാകിസ്ഥാൻ' പരാമര്‍ശത്തില്‍ പ്രതിഷേധം കനത്തതിന് പിന്നാലെ നടത്തിയ വിശദീകരണത്തിലും വിദ്വേഷം ആവര്‍ത്തിച്ച് മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. കേരളത്തില്‍ നിലവിലുള്ള സാഹചര്യം പാകിസ്ഥാനുമായി താരതമ്യം ചെയ്യുകയാണ് താൻ ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗമാണ് കേരളമെങ്കിലും അവിടെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നുമാണ് റാണെയുടെ വാദം.
ഇക്കഴിഞ്ഞ ഞായറാഴ്‌ച പൂനെയില്‍ നടന്ന പുരന്ദർ തഹസിൽ റാലിയിൽ സംസാരിക്കവെയാണ് റാണെ കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിളിച്ചത്. കേരളം ഒരു മിനി പാകിസ്ഥാനാണ്. തീവ്രവാദികൾ മുമ്പ് രാഹുൽ ഗാന്ധിക്കും ഇപ്പോൾ അദ്ദേഹത്തിൻ്റെ സഹോദരി പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്‌തു എന്നായിരുന്നു റാണെയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റാണെയുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പ്രസ്‌താവനയിലൂടെ റാണെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജിയും ആവശ്യപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രസംഗം വിവാദമായ സാഹചര്യത്തില്‍ നല്‍കിയ വിശദീകരണത്തിലും വിദ്വേഷ പരാമര്‍ശങ്ങളാണ് മഹാരാഷ്‌ട്ര മന്ത്രി ആവര്‍ത്തിച്ചിരിക്കുന്നത്. കേരളത്തില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് പതിവായിരിക്കുന്നു. ഹിന്ദുക്കളായ സ്‌ത്രീകളെ ലക്ഷ്യം വച്ചുള്ള ലൗ ജിഹാദാണ് കേരളത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വസ്‌തുതകളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് തന്‍റെ വിവാദ പ്രസംഗത്തില്‍ പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പിന്തുണച്ചവര്‍ ദേശവിരുദ്ധരാണ്. അതെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ പക്കലുണ്ട്. രാഷ്‌ട്രത്തിനെതിരെ ശബ്‌ദമുയര്‍ത്തിയ അഖിലേന്ത്യാ മുസ്ലീം ലീഗിനൊപ്പം ചേര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ തങ്ങള്‍ നിലപാട് സ്വീകരിക്കുമെന്നുമാണ് നിതീഷ് റാണെ തന്‍റെ വിശദീകരണത്തില്‍ പറഞ്ഞത്.
Also Read : 'കേരളം മിനി പാകിസ്ഥാന്‍'; വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംപിയെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്