ചെന്നൈ : ആഴക്കടലിലെ ധാതു സമ്പത്ത് തേടി നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ പര്യവേഷണം ഒടുവില്‍ ഏഴ് വര്‍ഷത്തിലേറെ പഴക്കമുള്ള കടല്‍ ദുരന്തത്തിന്‍റെ ദുരൂഹതകളുടെ ചുരുളഴിച്ചു. ആഴ്‌ചകളും മാസങ്ങളുമെടുത്ത് നാവിക - വ്യോമ സേനകളും കോസ്‌റ്റ് ഗാര്‍ഡും മുങ്ങല്‍ വിദഗ്‌ധരും ശ്രമിച്ചിട്ടും എങ്ങുമെത്താതെ പോയ തെരച്ചിലുകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമൊടുവില്‍ ഉത്തരം കിട്ടാത്ത സമസ്യയായി നിന്ന 29 സൈനികരുടെ തിരോധാനവും ദാരുണാന്ത്യവും 29 കുടുംബങ്ങളുടെ നൊമ്പരമായിരുന്നു. കേവലം 30 മണിക്കൂര്‍ മാത്രം സമയമെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നടത്തിയ ഓപ്പറേഷനാണ് ഒടുക്കം ഇതിനൊരു ഉത്തരം കണ്ടുപിടിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഡീപ്പ് സീ ഡൈവിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് കടലിന്‍റെ അടിത്തട്ടില്‍ നിന്ന് അസാധാരണമായ സോണാര്‍ സന്ദേശം ലഭിച്ചപ്പോള്‍ ആദ്യം അമ്പരപ്പായിരുന്നു. ആ അമ്പരപ്പ് അവസാനിച്ചത് ഏഴു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ വ്യോമ സേനാ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തുന്നതിലായിരുന്നു.
2016 ജൂലൈ 22 നായിരുന്നു 29 സൈനികരേയും വഹിച്ച് പറക്കുകയായിരുന്ന ആന്‍റനോവ് എ എന്‍ 32 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ കാണാതായത്. ചെന്നൈക്കടുത്ത് താംബരം എയര്‍ബേസില്‍ നിന്ന് രാവിലെ 8.30ന് പറന്നുയര്‍ന്ന വിമാനം 11.45 ന് ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറിലെത്തേണ്ടതായിരുന്നു. രാവിലെ ഏകദേശം 9.15 ഓടെ ചെന്നൈക്ക് 280 കിലോമീറ്ററകലെവച്ച് വിമാനവുമായുള്ള ബന്ധം വ്യോമ സേനയ്ക്ക് നഷ്‌ടമാവുകയായിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഡീപ്പ് സീ ഡൈവിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ കാണാതായ ആ വ്യോമ സേനാ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 6.6 മീറ്റര്‍ നീളവും 0.875 മീറ്റര്‍ വ്യാസവുമുള്ള ഏതാണ്ട് 2.1 ടണ്‍ ഭാരമുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സമുദ്രാന്തര്‍ വാഹിനിയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. കടലിന്‍റെ അടിത്തട്ടില്‍ 48 മണിക്കൂര്‍ വരെ നില്‍ക്കാനാവുന്ന അന്തര്‍ വാഹിനി അതിന്‍റെ പര്യവേഷണത്തിനിടെയാണ് വ്യോമ സേനാ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.
കടലിനടിയിലെ ധാതു സാന്നിധ്യം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ NIOT രൂപം കൊടുത്ത അന്തര്‍ വാഹിനിക്ക് സമുദ്രത്തില്‍ 6000 മീറ്റര്‍ വരെ ആഴത്തിലേക്ക് പോയി പരീക്ഷണങ്ങള്‍ നടത്താനാവും. കടലില്‍ ഏകദേശം 3400 മീറ്റര്‍ ആഴത്തില്‍ അതിശക്തമായ സോണാര്‍ പ്രതിഫലനം കണ്ടു .ഈ ഇമേജുകള്‍ വിശകലനം ചെയ്‌തതില്‍ നിന്ന് ലോഹ സാന്നിധ്യം മനസിലാക്കി. മുങ്ങിപ്പോയ ഏതോ കപ്പലിന്‍റെ അവശിഷ്‌ടമാണെന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞര്‍ കരുതിയത്.
അതിനിടെയാണ് ഒരു ശാസ്ത്രജ്ഞന്‍ വ്യോമ സേനയുടെ വൃത്താകൃതിയിലുള്ള മുദ്ര കണ്ടെത്തിയത്. ഉടനെ വ്യോമസേനയ്ക്ക് വിവരം കൈമാറി. ഫോട്ടോകള്‍ അവരുമായി പങ്കുവച്ചു. പിന്നീടാണ് ഇത് 2016ല്‍ കാണാതായ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളാണെന്ന് കണ്ടെത്തിയത്.
ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കല്‍ മൈല്‍ അകലെ അതായത് 310 കിലോമീറ്റര്‍ ഉള്‍ക്കടലിലായാണ് അവശിഷ്‌ടം കണ്ടത്. ഇത് കൃത്യമായി ഏറ്റവുമൊടുവില്‍ എയര്‍ ട്രാഫിക് റഡാര്‍ കാണാതായ വിമാനം രേഖപ്പെടുത്തിയ അതേ സ്ഥലമാണ്. കാണാതായ വിമാനം കണ്ടെത്താന്‍ വ്യോമസേനയും നേവിയും കോസ്റ്റ് ഗാര്‍ഡും വന്‍തോതില്‍ തെരച്ചില്‍ നടത്തിയിരുന്നു.
ചുരുങ്ങിയത് ഇരുനൂറ് തവണയെങ്കിലും വ്യോമ സേനാ വിമാനങ്ങള്‍ ഇവിടെ നിരീക്ഷണ പറക്കല്‍ നടത്തി. 217800 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ മേഖലയില്‍ വ്യോമ നിരീക്ഷണം നടത്തി. കടലില്‍ 28000 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ ഭാഗത്ത് നേവിയും കോസ്റ്റ് ഗാര്‍ഡും അരിച്ചുപെറുക്കി. ഒടുക്കം 2016 സെപ്റ്റംബര്‍ 16 ന് തെരച്ചില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി കണക്കാക്കി ബന്ധുക്കളെ വിവരം അറിയിച്ചു. വ്യോമ സേനയില്‍ നിന്നുള്ള ആറ് ക്ര്യൂ മെമ്പര്‍മാരും 11 വൈമാനികരും രണ്ട് ആര്‍മി ജവാന്‍മാരും കോസ്റ്റ് ഗാര്‍ഡില്‍ നിന്നും നേവിയില്‍ നിന്നുമുള്ള ഓരോ സൈനികരും നേവിയില്‍ ജോലി നോക്കുന്ന 8 സിവിലിയന്‍മാരുമായിരുന്നു അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. ഓഷ്യന്‍ മിനറല്‍ എക്സ്പ്ലോറര്‍ 6000 എന്ന് പേരിട്ട സമുദ്രാന്തര്‍ വാഹിനി കണ്ടെത്തും വരെ കാണാതായ വ്യോമ സേനാ വിമാനത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയായിരുന്നു.
അപ്രതീക്ഷിതമായ കണ്ടെത്തലുകള്‍ക്കിടയിലും ധാതു സമ്പത്ത് തേടിയിറങ്ങിയ ദൗത്യം ഓഷ്യന്‍ മിനറല്‍ എക്സ്പ്ലോറര്‍ 6000 വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ പോളിമെറ്റാലിക്ക് നൊഡ്യൂളുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് വന്‍ തോതില്‍ മാംഗനീസ്, കോപ്പര്‍, നിക്കല്‍, കൊബാള്‍ട്ട് സാന്നിധ്യം ഉള്ളതായി സ്ഥിരീകരിക്കാനായെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞന്‍ എന്‍ ആര്‍ രമേഷ് പറഞ്ഞു.
ഇനി അടുത്ത ഘട്ടം ആഴക്കടലില്‍ ആളെ ഇറക്കിയുള്ള പര്യവേഷണമാണ്. ജൈവവും അജൈവവുമായ കടല്‍ വിഭവങ്ങളുടെ ലഭ്യത കൂട്ടാനും അത്തരം വിഭവങ്ങളെക്കുറിച്ചുള്ള തുടര്‍ പഠനത്തിനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കലുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ പ്രധാന ദൗത്യം. NIOT രൂപം കൊടുത്ത അന്തര്‍ വാഹിനിക്ക് സമുദ്രത്തില്‍ 6000 മീറ്റര്‍ വരെ ആഴത്തിലേക്ക് പോയി പരീക്ഷണങ്ങള്‍ നടത്താനാവും. ആളില്ലാ അന്തര്‍ വാഹിനികളാണ് ഇവര്‍ ഏറെയും വികസിപ്പിച്ചത്. മൂന്നുപേര്‍ക്ക് യാത്ര ചെയ്യാവുന്ന കടലിനടിയില്‍ ആറുകിലോമീറ്റര്‍ വരെ കടന്നുചെല്ലാന്‍ കഴിയുന്ന യാനത്തിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.