ഹൈദരാബാദ് : 565 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് പുതുജീവൻ നൽകി നിലോഫർ ആശുപത്രിയിലെ ഡോക്‌ടർമാർ. രണ്ട് മാസത്തോളം പ്രത്യേക ചികിത്സ നൽകിയാണ് കുഞ്ഞിന്‍റെ ആരോഗ്യം വീണ്ടെടുത്തത്. പൂർണ ആരോഗ്യവതിയായ കുഞ്ഞിനെ വ്യാഴാഴ്‌ച (മെയ് 23) ഡിസ്‌ചാർജ് ചെയ്‌തു.
അദിലാബാദ് സ്വദേശിയായ റിസ്വാന്‍റെയും മുസ്‌താന്‍റെയും കുഞ്ഞാണ് 565 ഗ്രാം ഭാരവുമായി ജനിച്ചത്. ഗർഭാവസ്ഥയിൽ ഇടയ്‌ക്ക് മുസ്‌താന്‍ ഒലിഗോഹൈഡ്രാംനിയോസ് (അമ്‌നിയോട്ടിക് ദ്രാവകത്തിന്‍റെ അളവ് കുറഞ്ഞ് മൂത്രത്തിന്‍റെ ഒഴുക്ക് കുറയുന്ന അവസ്ഥ) കൊണ്ട് ബുദ്ധിമുട്ടിയിരുന്നു.
മുസ്‌താന്‍റെ അവസ്ഥ മനസിലാക്കിയ ഡോക്‌ടർമാർ, ഐഎസ്‌സിഎസ് (Interval-Specific Congenic Strains) വഴി അടിയന്തരമായി ഗർഭപാത്രത്തിലെ പഴുപ്പ് കളഞ്ഞു. ഇതിന്‍റെ ഫലമായി അപ്പോൾ തന്നെ കുഞ്ഞ് ജനിക്കുകയും ചെയ്‌തു. ഗർഭിണിയായി 27-ാം ആഴ്‌ചയിലാണ് മുസ്‌താന്‍റെ കുഞ്ഞ് ജനിക്കുന്നത്.
565 ഗ്രാം മാത്രമായിരുന്നു ജനിച്ച സമയത്ത് കുഞ്ഞിന്‍റെ ഭാരം. മാത്രമല്ല കുഞ്ഞിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, നവജാതശിശുക്കൾക്ക് ഉണ്ടാകുന്ന എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് കുഞ്ഞിനെ നിലോഫർ ആശുപത്രിയിൽ എത്തിച്ചത്.
വൈദ്യപരിശോധന നടത്തി, ഡോ. സ്വപ്‌ന, ഡോ. അലിവേലു, ഡോ. സുരേഷ് എന്നിവരടങ്ങിയ സംഘം ചികിത്സ ആരംഭിച്ചു. ശ്വാസ സംബന്ധമായ ബുദ്ധിമുട്ട് കുഞ്ഞിന് ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ സിപിഎപിയുമായി ബന്ധിപ്പിച്ചു. ആന്‍റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകി തുടങ്ങി. ഭാരം വർധിപ്പിക്കുന്നതിന് ആവശ്യമായ ചികിത്സകളും ആരംഭിച്ചു.
ചികിത്സ തുടങ്ങി 53 ദിവസം കൊണ്ട് കുഞ്ഞിന്‍റെ ഭാരം 565 ഗ്രാമിൽ നിന്ന് 1.460 കിലോ ആയി ഉയർന്നു. പൂർണമായി സുഖം പ്രാപിച്ചതോടെ ഡോക്‌ടർമാർ വ്യാഴാഴ്‌ച കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തു. മാസത്തിലൊരിക്കൽ കുഞ്ഞിനെ പരിശോധനയ്ക്ക് കൊണ്ടുവരണമെന്ന് മാതാപിതാക്കളോട് നിർദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഉഷാറാണി പറഞ്ഞു.