മുംബൈ: ഐഎസ് ഭീകര പരിശീലനവുമായി ബന്ധപ്പെട്ട് ഛത്രപതി സംഭാജി നഗര്‍ സ്വദേശിയായ യുവാവിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യമെമ്പാടും ആക്രമണം നടത്താനായി ഇയാള്‍ യുവാക്കളെ ഭീകരസംഘടനയിലേക്ക് ചേര്‍ത്തതായി കുറ്റപത്രത്തില്‍ പറയുന്നു.
ഹര്‍സൂല്‍ മേഖലയിലെ താമസക്കാരനായ മുഹമ്മദ് ജൊയേബ് ഖാന്‍ എന്ന യുവാവിനെ ഫെബ്രുവരി പതിനഞ്ചിനാണ് അറസ്റ്റ് ചെയ്‌തത്. മുംബൈ കോടതിയില്‍ ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇയാള്‍ ജില്ലയില്‍ ഐഎസ് ശൃംഖല വിപുലപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. അന്‍പതോളം യുവാക്കള്‍ക്ക് സ്ഫോടക വസ്‌തു നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.
രാജ്യത്ത് ഒരു ഭീകരാക്രമണം നടത്തിയ ശേഷം അഫ്‌ഗാനിസ്ഥാനിലേക്കോ തുര്‍ക്കിയിലേക്കോ കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഐടി എഞ്ചിനിയറായ ഇയാള്‍ ഐഎസില്‍ ചേര്‍ന്ന് നിശബ്‌ദ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ഛത്രപതി സംഭാജി നഗറില്‍ കുറേ വര്‍ഷങ്ങളായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതിലേക്കാണ് ഇയാളുടെ അറസ്റ്റ് വെളിച്ചം വീശിയത്. ഐഎസ് വഴി നിരവധി യുവാക്കള്‍ ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ജില്ലയില്‍ ഒന്‍പത് ഇടത്തായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ജൊയേബ് ഖാനെ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഒരു സഹോദരന്‍ ലിബിയയില്‍ സമാനപ്രവൃത്തികള്‍ നടത്തുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇയാള്‍ മുഖ്യ സൂത്രധാരനാണെന്നും ഭാരതീയ ന്യായ സംഹിതയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: യാസിൻ മാലിക്കിന് വധശിക്ഷ വേണം; എൻഐഎ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്‌ജി പിൻമാറി