ശ്രീനഗര്‍: മയക്കുമരുന്ന് കേസിൽ പ്രതികളായ 4 പേരുടെ വീടുകൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ).ജമ്മു കശ്‌മീരിലെ ഹന്ദ്വാര-കുപ്‌വാര മേഖലയിൽ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയ്ക്ക് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
'കശ്‌മീരിലെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഫണ്ടിങ് ശൃംഖല തകർക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പ്പായി, ഹന്ദ്വാരയില്‍ എൽഇടിയും എച്ച് എമ്മും ഉൾപ്പെട്ട നാർക്കോ തീവ്രവാദ കേസില്‍ നാല് വീടുകള്‍ എൻഐഎ കണ്ടുകെട്ടുകയും പണം പിടിച്ചെടുക്കുകയും ചെയ്‌തു'-എന്‍ഐഎ പ്രസ്‌താവനയില്‍ അറിയിച്ചു.
നാല് പ്രതികളുടെയും സ്വത്ത് വകകളും 2.27 കോടി രൂപയും യുഎപിഎ പ്രകാരം എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. പ്രതികളായ അഫാഖ് അഹമ്മദ് വാനിയുടെയും ഇസ്‌ലാം ഉൾ ഹഖിന്‍റെയും ഇരുനില വീടുകളും മുനീർ അഹമ്മദ് പാണ്ഡെയുടെ ഒറ്റ നില വീട്, സലീം അന്ദ്രാബിയുടെ വീട് എന്നിവയാണ് എന്‍ഐഎ കണ്ടുകെട്ടിയത്.
ഹന്ദ്വാരയിലെ ലാംഗേറ്റ് മേഖലയിൽ വാഹന പരിശോധനക്കിടെ ബാഗിനുള്ളില്‍ നിന്ന് 500 രൂപയുടെ ഇന്ത്യൻ കറൻസികള്‍ കണ്ടെടുത്തിരുന്നു. കാർ ഡ്രൈവറായ അബ്‌ദുള്‍ മോമിൻ പീറിനെ ചോദ്യം ചെയ്‌തപ്പോഴാണ് നാർക്കോ-ഭീകര ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് എൻഐഎ കേസെടുത്തത് വിശദമായ അന്വേഷണം ആരംഭിച്ചു.
കേസിൽ ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്‌തതായും 15 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും എൻഐഎ അറിയിച്ചു. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയപ്പോള്‍ 21 കിലോഗ്രാം ഹെറോയിനും പണവും ഉൾപ്പെടെയുള്ള വസ്‌തുക്കള്‍ പിടിച്ചെടുത്തതായും എൻഐഎ അറിയിച്ചു.