ന്യൂഡല്‍ഹി: മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും പാഠപുസ്‌തകങ്ങള്‍ മാറ്റാനൊരുങ്ങി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി). മറ്റ് ക്ലാസുകളിലെ പാഠപുസ്‌തകങ്ങള്‍ക്ക് മാറ്റമില്ല. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2024-25 അധ്യയന വര്‍ഷം മുതലാണ് പുതിയ പുസ്‌തകങ്ങള്‍ നിലവില്‍ വരുന്നത് (New Curriculum, Books for Grades 3 and 6).
പുതിയ പാഠപുസ്‌തകങ്ങള്‍ പണിപ്പുരയിലാണെന്നും ഉടന്‍ തന്നെ പുറത്തിറക്കുമന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ പുതിയ സിലബസ് പിന്തുടരണമെന്നും സിബിഎസ്ഇ അക്കാഡമിക്‌സ് ഡയറക്‌ടര്‍ ജോസഫ് ഇമ്മാനുവല്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള ഒരു ബ്രിഡ്‌ജ് കോഴ്‌സ് ആറാം ക്ലാസിനും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൂന്നാം ക്ലാസിനും തയാറാക്കുന്നുണ്ട്. എന്‍സിഇആര്‍ടി കൈമാറുന്ന മുറയ്ക്ക് ഇവ എല്ലാ വിദ്യാലയങ്ങള്‍ക്കും ഓണ്‍ലൈനില്‍ ലഭ്യമാക്കും.
പുതിയ വിദ്യാഭ്യാസ നയപ്രകാരമുള്ള പഠന ക്രമങ്ങളെക്കുറിച്ച് സ്‌കൂള്‍ മേധാവികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പരിശീലനവും ബോര്‍ഡ് സംഘടിപ്പിക്കുന്നുണ്ട്. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് സിബിഎസ്ഇയിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നത്. 1975, 1988,2000, 2005 വര്‍ഷങ്ങളിലാണ് നേരത്തെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ബഹുഭാഷാ പഠനം സംബന്ധിച്ച് ദേശീയ-സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിബിഎസ്ഇ നിര്‍ദ്ദേശിച്ചിട്ടുണ്ട്.