ഹരിദ്വാർ: രക്താര്‍ബുദം ഭേദമാകാൻ ഗംഗയിൽ മുങ്ങിക്കുളിപ്പിക്കണം എന്ന തന്ത്രിയുടെ നിർദ്ദേശം ആറ് വയസുകാരന്‍റെ ജീവനെടുത്തു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയേയും അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ ഹർ കി പൗരിയിലാണ് സംഭവം. ആറ് വയസ്സുള്ള കുട്ടിയുടെ രക്താർബുദം ഭേദമാകാൻ ഗംഗ നദിയില്‍ മുങ്ങിക്കുളിപ്പിക്കണമെന്നായിരുന്നു പൂജാരിയുടെ നിർദ്ദേശം.
എക്‌സില്‍ പോസ്‌റ്റ് ചെയ്‌ത ഒരു വീഡിയോയില്‍ കുട്ടിയെ അമ്മായി ഹർ കി പൗരി ഘട്ടിലേക്ക് കൊണ്ടുവരുന്നത് കാണിക്കുന്നുണ്ട്. ഗംഗയില്‍ നിമജ്ജനം ചെയ്‌ത് കുട്ടിയുടെ രകാതാര്‍ബുദം ഭേദമാക്കണമെന്നാണ് തന്ത്രി നിര്‍ദ്ദേശിച്ചത്. കുട്ടിയെ അഞ്ച് മിനിറ്റോളം ഗംഗയിൽ നിമജ്ജനം ചെയ്യാനാണ് ഡല്‍ഹിയിലെ തന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുങ്ങിക്കുളിപ്പിക്കുന്നതിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങി ബോധം നഷ്‌ടമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആളുകൾ ബഹളം വച്ചതിനെ തുടർന്ന് പുഴയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ പൊലീസ് എത്തി കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ ചികിത്സ വിജയിക്കാത്തതില്‍ നിരാശരായ മാതാപിതാക്കളും അമ്മായിയും തന്ത്രിയുടെ ഉപദേശപ്രകാരമാണ് ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തിയത്. അഞ്ച് മിനിറ്റ് കുട്ടിയെ ഗംഗയില്‍ മുക്കിയാൽ കുട്ടി സുഖം പ്രാപിക്കുമെന്ന് തന്ത്രി ബോധ്യപ്പെടുത്തിയതോടെയാണ് അമ്മായി കുട്ടിയെ ഗംഗയില്‍ മുക്കിയത്. സംഭവത്തില്‍ ഹരിദ്വാർ പൊലീസ് കേസെടുത്ത് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌തു.