ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ വിശുദ്ധിയില്‍ കരുതിക്കൂട്ടിയുള്ള വീഴ്‌ച ഉണ്ടായിട്ടില്ലെന്ന സുപ്രീം കോടതി നിരീക്ഷണം സര്‍ക്കാരിന്‍റെ നിലപാടാണ് കാട്ടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം നിരവധി ക്രമക്കേടുകള്‍ പരീക്ഷയിലുണ്ടായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
നുണകളുടെ മേഘം കൊണ്ട് സൂര്യനെ അല്‍പ്പനേരം നമുക്ക് മറയ്ക്കാനായേക്കും, എന്നാല്‍ സത്യം തന്നെ എല്ലായ്പ്പോഴും വിജയിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. വിവാദമായ 2024 നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി ഇന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ല.
അത് കൊണ്ട് തന്നെ പരീക്ഷയുടെ പവിത്രതയെയും അത് ബാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷയെ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കഴിഞ്ഞ മാസം 23ന് പ്രഖ്യാപിച്ച വിധിയുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും ആവശ്യപ്പെട്ടു. ഇതൊന്നും കൂട്ടികളുടെ താത്പര്യങ്ങളെ സഹായിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സുതാര്യവും വീഴ്‌ചകള്‍ ഇല്ലാത്തതുമായ പരീക്ഷാ സംവിധാനം ഉണ്ടാകണമെന്നത് തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതുറപ്പാക്കാനായാണ് ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയത്.
ജൂണ്‍ 23നാണ് ഏഴംഗ ഉന്നത തല സമിതിയെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ചത്. ഐഎസ്‌ആര്‍ഒ മേധാവി കെ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലായിരുന്നു സമിതി. എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് പരീക്ഷ പരിഷ്ക്കരണ ശുപാര്‍ശകള്‍ നല്‍കാന്‍ ആയിരുന്നു ഇവരെ നിയോഗിച്ചത്.
Also Read: നീറ്റ്-യുജി 2024 കൗൺസലിങ് ഓഗസ്‌റ്റ് 14 മുതൽ ആരംഭിക്കും; വിജ്ഞാപനം പുറപ്പെടുവിച്ചു