ന്യൂഡൽഹി: ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽക്കൂടി വിജയിച്ചതോടെ രാജ്യസഭയിലെ ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി ബിജെപി നയിക്കുന്ന എൻഡിഎ. ഇനി കേവലം നാല് എംപിമാർ കൂടിയെത്തിയാൽ എൻഡിഎ രാജ്യസഭയിലും ഏറ്റവും വലിയ മുന്നണിയാകും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പോടെ എൻഡിഎ സഖ്യത്തിന്‍റെ അംഗബലം 117 ആയി ഉയര്‍ന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് വർധിപ്പിച്ചതോടെ ബിജെപിയുടെ അംഗബലം 97 ആയും ഉയർന്നു. ഇതോടെ ബിജെപി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
ഏപ്രിലോടെ നാമനിർദേശത്തിലൂടെ ആറുപേർ കൂടി എത്തുന്നതോടെ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഏപ്രിലിൽ എല്ലാ നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌താൽ 245 അംഗ സഭയിൽ എൻഡിഎയുടെ അംഗബലം 123 ലെത്തും. കോൺഗ്രസിന് രാജ്യസഭയിൽ 29 എംപിമാരാണുള്ളത്.
15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്, അതിൽ ബിജെപി 30 സീറ്റുകളിൽ ജയിച്ചു. കോൺഗ്രസ്- 9, എസ്‌പി- 2, ടിഎംസി- 4, വൈഎസ്ആർസിപി- 3, ആർജെഡി- 2, ബിജെഡി- 2, എൻസിപി- 1, ശിവസേന- 1, ബിആർഎസ്- 1, ജെഡി (യു)- 1 എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്ക് ലഭിച്ച സീറ്റുകൾ. നിലവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള സംയുക്ത പ്രതിപക്ഷത്തിന് ഉപരിസഭയിൽ 100ൽ താഴെ എംപിമാരാണുള്ളത്.
പ്രധാന നിയമനിർമ്മാണങ്ങൾക്ക് ഉപരിസഭയിൽ ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടത് നിർണായകമാണ്. എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുപോലും ബിജെപി പല നിർണായക ബില്ലുകളും ഉപരിസഭ കടത്തിയിട്ടുണ്ട്. ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് ബിജെപി ഇത്തരം ബില്ലുകൾ പാസാക്കിയത്.
ബിജെഡിക്കും വൈഎസ്ആർസിപിക്കും ഒമ്പത് വീതം എംപിമാരാണ് രാജ്യസഭയിലുള്ളത്. ബിആർഎസിന് ഏഴ് എംപിമാരും, ബിഎസ്‌പി, ഐയുഎംഎൽ, ടിഡിപി എന്നിവയ്ക്ക് ഓരോന്നും വീതമുണ്ട്. ഈ പാർട്ടികൾ ഇതുവരെ ഒരു സഖ്യത്തിൻ്റെയും ഭാഗമല്ല.