ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ ശരദ് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ചിഹ്നം അനുവദിച്ചു. കാഹളം മുഴക്കുന്ന മനുഷ്യന്‍റെ (Man Blowing Turha) ചിഹ്നമാണ് അനുവദിച്ചിരക്കുന്നത്. മഹാരാഷ്ട്രയിലെ എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളിലും ഗ്രൂപ്പിന് ഇതേ ചിഹ്നം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി ആറിന് അജിത് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പേരും ചിഹ്നവും അനുവദിച്ചിരുന്നു. എൻസിപി ഉപയോഗിച്ചുവന്ന ക്ലോക്ക് അടയാളം അജിത് പവാർ പക്ഷത്തിന് അനുവദിച്ചതോടെ ശരദ് പവാർ വിഭാഗത്തിന് ചിഹ്നം നഷ്‌ടമായി. നിയമസഭയിലുള്ള ഭൂരിപക്ഷവും പാർട്ടിയുടെ ഭരണഘടനയും പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി. പിന്നാലെ, ശരദ് പവാർ വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു.
അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻസിപി) ഔദ്യോഗികമായി അംഗീകരിച്ച തെരഞ്ഞെടുപ്പ് സമിതിയുടെ ഉത്തരവിനെതിരെ ശരദ് പവാർ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി- ശരദ് ചന്ദ്ര പവാർ' (Nationalist Congress Party-Sharadchandra Pawar) എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ (ഇസിഐ) ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ച് ശരദ് പവാറിനെ ചിഹ്നം അനുവദിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ നിർദേശിച്ചു. അപേക്ഷ സമർപ്പിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽ ചിഹ്നം അനുവദിക്കണമെന്നും ഉത്തരവിട്ടിരുന്നു.
ചിഹ്നം ലഭിച്ചതിന് പിന്നാലെ സഹ്യാദ്രിയുടെ അകമ്പടിയോടെ കാഹളനാദം ഭാരതത്തിൽ എന്നും മുഴങ്ങുമെന്നാണ് ശരദ് പവാർ പക്ഷം എക്‌സിൽ കുറിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഐക്യത്തോടെ മഹാരാഷ്ട്ര ഡൽഹിയുടെ സിംഹാസനം കീഴടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.