ഛത്തീസ്‌ഗഡ്: അബുജ്‌മദ് വനത്തില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 33 നക്‌സലുകള്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. നാരായണ്‍പൂരിന്‍റെയും ദന്തേവാഡയുടെയും അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടലെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ഇരുഭാഗത്ത് നിന്നും ശക്തമായ വെടിവയ്‌പ്പാണ് നടന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ സംഭവത്തെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി. നക്‌സലുകള്‍ കൊല്ലപ്പെട്ടതായി ബസ്‌തര്‍ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് സുന്ദരരാജും സ്ഥിരീകരിച്ചിട്ടുണ്ട്.
എകെ 47, എസ്‌എല്‍ആര്‍ അടക്കം വന്‍തോതില്‍ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നും റായ് കൂട്ടിച്ചേര്‍ത്തു. പതിവുള്ള തെരച്ചില്‍ നടത്തുകയായിരുന്നു സേനയെന്നും പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിനിടെ വനത്തിനുള്ളില്‍ നക്‌സല്‍ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചു. സുരക്ഷസേന ഇവരെ കണ്ടെത്താനായി മുന്നോട്ട് പോയപ്പോഴേക്കും വെടിവയ്‌പ്പ് തുടങ്ങുകയായിരുന്നു. സൈനികര്‍ സ്വയരക്ഷയ്ക്കായി പ്രത്യാക്രമണം നടത്തി. നാരായണ്‍പൂര്‍, ദന്തേവാഡ പൊലീസ് സംഘത്തിനാണ് പ്രദേശത്തെ സുരക്ഷ ചുമതല. അതേസമയം ഛത്തീസ്‌ഗഡിലെ ബസ്‌തര്‍ മേഖലയിലുള്ള ഏഴ് ജില്ലകളില്‍ ഈ വര്‍ഷം ഇതുവരെ സുരക്ഷ സേന 164 നക്‌സലുകളെയാണ് വധിച്ചത്.
Also Read: നക്‌സലൈറ്റുകളെന്ന് കള്ളം പറഞ്ഞ് കീഴടങ്ങി; മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍