റായ്‌പൂർ : ഛത്തീസ്‌ഗഡിൽ സുരക്ഷ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 12 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പീഡിയ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് (മെയ് 10) രാവിലെ 6 മണി മുതലാണ് ഏറ്റുമുട്ടലുണ്ടായത്. 12 മണിക്കൂറിലേറെ സംഘർഷം ഉണ്ടായതായി ബീജാപൂർ എസ്‌പിയും ദന്തേവാഡ ഡിഐജിയും പറഞ്ഞു.
ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് 12 നക്‌സലൈറ്റുകളുടെ മൃതദേഹം കണ്ടെടുത്തത്. സംഭവസ്ഥലത്ത് നിന്ന് വൻതോതിൽ ആയുധശേഖരങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഡിആർജി, എസ്‌ടിജി, കോബ്ര ബറ്റാലിയൻ സൈനികർ എന്നിവർ ചേർന്ന് ഇന്ന് പുലർച്ചെ നടത്തിയ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിലായ നക്‌സലൈറ്റുകളെ വധിച്ചത്. നക്‌സലൈറ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതായി പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.
900 സൈനികർ പീഡിയയിലെ വനത്തിനുള്ളിൽ കയറി നക്‌സലൈറ്റുകളെ വളയുകയായിരുന്നെന്ന് ദന്തേവാഡ ഡിഐജി കമലോചൻ കശ്യപ് പറഞ്ഞു. നക്‌സലൈറ്റുകളുടെ ഉന്നത നേതാക്കളെ അടക്കം വധിച്ചതായാണ് വിവരം. മേഖലയിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്. പീഡിയ വനത്തിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Also Read: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; നാല് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം നല്‍കി