ദന്തേവാഡ (ഛത്തീസ്‌ഗഡ്): നക്‌സൽ ആക്രമണക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു. ദന്തേവാഡ ജില്ലയിലെ നക്‌സൽ ആക്രമണത്തിലെ പ്രതിയായ പൊടിയ മദ്വി (40) ആണ് മരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം മരിച്ചെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ പത്ത് പൊലീസുകാരെയും ഒരു സിവിലിയൻ ഡ്രൈവറെയും കൊലപ്പെടുത്തിയ അരൺപൂർ ഐഇഡി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പൊടിയ മദ്വിയെ ശനിയാഴ്‌ച (ജനുവരി 27) വൈകുന്നേരം 5 മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയ്‌ക്ക് അപസ്‌മാരം കാണപ്പെട്ട സാഹചര്യത്തില്‍ പൊലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രി 12:30 ഓടെ മരണപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രഥമ ദൃഷ്‌ടിയിൽ മർദനമേറ്റാണ് മരിച്ചതെന്നാണ് തോന്നുന്നതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും സംഭവത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഏപ്രിൽ 26 ന്, ജില്ലയിലെ അരൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന്‍റെ ഭാഗമായ കാര്‍ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പത്ത് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.