ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്‍ററി പാർട്ടി യോഗത്തിൽ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്‌ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് എൻഡിഎ യോഗത്തിൽ മോദിയുടെ പേര് നിർദേശിച്ചത്.
അമിത് ഷായും നിതിൻ ഗഡ്‌ക്കരിയും രാജ് നാഥ് സിങിന്‍റെ നിർദേശം പിന്താങ്ങുകയായിരുന്നു. എൻഡിഎയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്. എൻഡിഎ എംപിമാരെ കൂടാതെ മന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വീണ്ടും പ്രധാനമന്ത്രി സ്ഥാനം ലഭിച്ച നരേന്ദ്ര മോദിയെ ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇന്ത്യയ്‌ക്ക് ശരിയായ സമയത്ത് ശരിയായ നേതാവാണ് മോദി. കഴിഞ്ഞ മൂന്ന് മാസം വിശ്രമമില്ലാതെ മോദി പ്രചാരണം നടത്തി.
അതിന്‍റെ ഫലമായി വൻ ഭൂരിപക്ഷത്തിൽ ആന്ധ്രയിൽ അധികാരത്തിൽ എത്താൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരും പ്രചാരണം നടത്തിയിരുന്നു. ആന്ധ്രയ്‌ക്കൊപ്പം കേന്ദ്രമുണ്ടെന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായി എന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.
യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്‌ട്രപതിയെ കാണുമെന്നാണ് സൂചന.
അതേസമയം, തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിൽ നിന്ന് നിർദേശം ലഭിച്ചെന്നാണ് സൂചന. മോദിക്കൊപ്പം സുരേഷ് ഗോപിയും ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്‌പീക്കർ സ്ഥാനം ടിഡിപിക്ക് നൽകുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. ചന്ദ്രബാബു നായിഡു വിട്ടുവീഴ്‌ചയ്ക്ക് തയാറായില്ലെങ്കില്‍ സ്‌പീക്കർ സ്ഥാനം ബിജെപി നൽകിയേക്കും.
ALSO READ : '3.0' അല്ല, വരാൻ പോകുന്നത് 'മൂന്നിലൊന്ന് മോദി സര്‍ക്കാര്‍'; പരിഹാസവുമായി ജയറാം രമേശ്