കരിംനഗർ: തെലങ്കാനയിലെ പ്ലസ് ടു വിദ്യാർഥിനിയ്ക്ക് ജപ്പാനിൽ നടക്കുന്ന ശാസ്‌ത്രമേളയിൽ പങ്കെടുക്കാൻ അവസരം. കേശവപട്ടണം സ്വദേശിനി നബ മുഹമ്മദിക്കാണ് അവസരം ലഭിച്ചത്. നിർധന കുടുംബത്തിലെ അംഗമായ നബ പഠിക്കാൻ വളരെ മിടുക്കിയാണ്. മുഹമ്മദ് സാബിറിന്‍റേയും ഫിർദോസ് സുൽത്താനയുടെയും മൂന്നുമക്കളിൽ ഒരേയൊരു പെൺകുട്ടിയാണ് നബ. കേശവപട്ടണം ആദർശ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനി പത്താം ക്ലാസിലും പ്ലസ് വണ്ണിലും ഉയർന്ന മാർക്കോട് കൂടിയാണ് പാസായത്.
ശാസ്‌ത്രമേളയിൽ പങ്കെടുക്കുന്നതിനായി എൻസിഇആർടിയുടെ നേതൃത്വത്തിൽ നടത്തിയ എഴുത്തുപരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയ നബ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഹൈദരാബാദിൽ നടത്തിയ എഴുത്തുപരീക്ഷയിൽ യോഗ്യത നേടുകയും ആദ്യ അഞ്ചിൽ ഇടം നേടാനും സാധിച്ചു. ഇൻ്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതോടെയാണ് നബ ജപ്പാനിലെ ഷോയിലേക്ക് യോഗ്യത നേടിയത്. നബയ്ക്ക് ഉൾപ്പെടെ സംസ്ഥാനത്ത് നിന്നും നാല് വിദ്യാർഥികളെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്.
നവംബറിലാണ് ജപ്പാനിൽ ശാസ്‌ത്രോത്സവം നടക്കുന്നത്. ശാസ്‌ത്രമേള തത്സമയം കാണുന്നതിനായി കഴിവുള്ള വിദ്യാർഥികളെ രാജ്യം ക്ഷണിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് തെലങ്കാനയിൽ നിന്നും നാല് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. ശാസ്‌ത്രമേളയിൽ പങ്കെടുക്കുന്നതിനായുള്ള എല്ലാ ചെലവും സർക്കാർ വഹിക്കും എന്നാണ് നബക്ക് ലഭിച്ച ക്ഷണക്കത്തിലുള്ളത്.