കൊൽക്കത്ത : ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിന്‍റെ ദാരുണമായ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. കൊലപാതകം അതി ക്രൂരമായി, വെളിപ്പെടുത്തലുകളുമായി പിടിയിലായ ജിഹാദ് ഹവ്‌ലാദാർ. കൊലപാതകത്തിൽ ഹവ്‌ലാദാർ നിർണായക പങ്ക് വഹിച്ചതായി പൊലീസ്.
കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ അപ്പാർട്ട്‌മെന്‍റിൽ വച്ചാണ് അനാറിനെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ ശേഷം വെട്ടി നുറുക്കിയതായി വെളിപ്പെടുത്തല്‍. കൊലപാതകത്തിലും എംപിയുടെ മൃതദേഹം ക്രൂരമായി അക്രമിച്ചതിലും തനിക്ക് പങ്കുണ്ടെന്ന് ഹവ്‌ലാദാർ സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അൻവര്‍ അസിം അനാറിന്‍റെ യുഎസ് പൗരനായ സുഹൃത്തിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ഹവ്‌ലാദാർ വെളിപ്പെടുത്തി. നിലവിൽ യുഎസിലുള്ള ഇയാൾക്ക് കൊൽക്കത്തയിൽ ഒരു ഫ്ലാറ്റ് ഉള്ളതായും അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാർട്ട്മെൻ്റ് എക്സൈസ് വകുപ്പിലെ ജീവനക്കാരന്‍റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് വാടകയ്‌ക്ക് നൽകിയതാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഒരു പുരുഷനും സ്‌ത്രീയ്ക്കുമൊപ്പം അനാർ ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതർ വ്യക്തമാക്കിയിരുന്നു. എംപിക്കൊപ്പം ഫ്ലാറ്റിൽ പ്രവേശിച്ചവർ പുറത്തുവരുന്നതും വീണ്ടും തിരികെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാൽ എംപിയെ പിന്നീട് ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പിന്നീട് ഇരുവരും ഫ്ലാറ്റിൽ നിന്ന് വലിയ ട്രോളി സ്യൂട്ട്കേസുമായി വരുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. മെയ് 13 ന് കൊൽക്കത്തയിൽ കാണാതായ അനാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ ബുധനാഴ്‌ച പറഞ്ഞു.
കേസ് അന്വേഷിക്കുന്ന സംസ്ഥാന സിഐഡി, ന്യൂ ടൗൺ ഫ്ലാറ്റിനുള്ളിൽ രക്തക്കറ കണ്ടെത്തിയിരുന്നു. കൂടാതെ ശരീരഭാഗങ്ങൾ വലിച്ചെറിയാൻ ഉപയോഗിച്ചതായി കരുതുന്ന നിരവധി പ്ലാസ്റ്റിക് ബാഗുകളും കണ്ടെടുത്തു. സാന്ദർഭിക തെളിവുകൾ സൂചിപ്പിക്കുന്നത് എംപിയെ ആദ്യം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയുമായിരുന്നു എന്നാണെന്ന് പൊലീസ് പറഞ്ഞു.
അനാറിനെ കൊലപ്പെടുത്തിയ ശേഷം, കൊലപാതകികൾ മൃതദേഹം വികൃതമാക്കുകയും അസ്ഥികളിൽ നിന്ന് മാംസം വേർതിരിക്കുകയും അഴുകൽ വൈകിപ്പിക്കാൻ മഞ്ഞൾപ്പൊടി വിതറുകയും ചെയ്‌തതായി സംശയിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ: ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഹണിട്രാപ്പിൽ കുടുക്കിയെന്ന് പൊലീസ്; അന്വേഷണം ഊർജിതം