ബെംഗളൂരു : ബസ് തടഞ്ഞുനിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 17 വയസുള്ള ആണ്‍കുട്ടികളാണ് പിടിയിലായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി ചികിത്സയിലാണ്.
വ്യാഴാഴ്‌ച (ഫെബ്രുവരി 22) രാവിലെ ആറ്റൂരില്‍ വച്ചാണ് കേസിനാസ്‌പദമായ സംഭവം. ബസില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ബെലഗാവിയില്‍ നിന്നും വികെ സലാഗരയിലേക്ക് പോകുന്ന ബസിലായിരുന്നു വിദ്യാര്‍ഥിനി.
യാത്ര തുടരുന്നതിനിടെ ബൈക്കുമായെത്തിയ ആണ്‍കുട്ടികള്‍ ബസ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ബസിന് പുറത്തിറക്കുകയും തുടര്‍ന്ന് കഴുത്തറുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും ബൈക്കില്‍ കയറി സ്ഥലം വിടുകയും ചെയ്‌തു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് കലബുറഗിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ നരോണ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതികള്‍ക്കെതിരെ കേസെടുത്തു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്‌തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് കാരണമെന്താണെന്നത് പൊലീസ് പരിശോധിക്കുകയാണ്. പ്രതികള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് നരോണ പൊലീസ് അറിയിച്ചു.