ന്യൂഡൽഹി: കൊലക്കേസ് പ്രതി കൂട്ടുപ്രതിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. അഫ്‌സര്‍ എന്ന യുവാവിനാണ് സൽമാന്‍ എന്നയാളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഡൽഹിയിലെ കർക്കർദൂമ കോടതിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം,
2021 ഫെബ്രുവരി 25 ന് ഡൽഹിയിലെ കൃഷ്‌ണ നഗറിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വാദം കേൾക്കുന്നതിനിടെ സൽമാൻ പെട്ടെന്ന് അഫ്‌സറിനെ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ടൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തൊണ്ടയ്ക്കും കവിളിനും ആഴത്തില്‍ പരിക്കേറ്റു.
അഫ്‌സറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സല്‍മാനെ പൊലീസ് കീഴടക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഫർഷ് ബസാർ പൊലീസ് സ്റ്റേഷനിൽ പുതിയ കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയ്‌ക്ക് കോടതിക്കുള്ളില്‍ നിന്ന് മൂർച്ചയുള്ള ടൈൽ എങ്ങനെ ലഭിച്ചു എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇരുവരും പ്രതിയായ കൊലക്കേസ്
സലിം എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഫ്‌സറും സൽമാനും ഉൾപ്പെടെ നാലുപേര്‍ പൊലീസ് പിടിയിലായി. സർതാജ്, ഗുഫ്രാൻ എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന മറ്റ് പ്രതികൾ. മരിച്ച സലിം എന്നയാള്‍ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്ന് പ്രതികള്‍ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
ഇവര്‍ സലീമിന്‍റെ സംഘത്തിലെ അംഗങ്ങളായിരുന്നു. എല്ലാവര്‍ക്കും ഒരുപോലെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് സലീമിനെ കൊന്നതെന്നും പ്രതികള്‍ വെളിപ്പെടുത്തി. കേസില്‍ സൽമാനും അഫ്‌സറിനും കോടതി ജാമ്യം അനുവദിച്ചു. ആദ്യ കേസിലെ ജാമ്യത്തിന് ശേഷം ഗാന്ധിനഗർ മേഖലയിൽ മോഷണക്കേസിൽ സൽമാൻ വീണ്ടും അറസ്റ്റിലാവുകയും ജയിലിലേക്ക് പോകുകയുമായിരുന്നു.
Also Read: തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു