മുംബൈ : വോർളിയിൽ ബിഎംഡബ്ല്യു കാര്‍ ഇരുചക്രവാഹനത്തിലിടിച്ച് സ്‌ത്രീ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. വാഹനമോടിച്ച മിഹിർ ഷാ (23) എന്ന വ്യക്തിയാണ് അറസ്റ്റിലായതെന്ന് വോർലി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കൃഷ്‌ണകാന്ത് ഉപാധ്യായ അറിയിച്ചു.
ഷഹാപൂരിലെ റിസോർട്ടിൽ നിന്ന് മിഹിറിന്‍റെ കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അമ്മ മിനി ഷാ, സഹോദരിമാരായ കിഞ്ചൽ ഷാ, പൂജ സുഹൃത്ത് അവാദിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ആനി ബസന്‍റ് റോഡിലൂടെ അമിത വേഗതയില്‍ കാറോഡിച്ച മിഹിര്‍ ഷാ വോർലി കോളിവാഡ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രദീപ് നഖ്‌വ (50), കാവേരി നഖ്‌വ (45) എന്നിവരെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. കാവേരി നഖ്‌വയെയും വലിച്ച് കാർ ഒന്നര കിലോമീറ്ററിലധികം മുന്നോട്ട് നീങ്ങി.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ മിഹിറിന്‍റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവർ രാജ് ഋഷി ബിദാവത്തിനെയും വോർലി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മിഹിറിനെ അറസ്റ്റ് ചെയ്യാൻ ലോക്കൽ പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും 16 സംഘങ്ങളെ പൊലീസ് അയച്ചിരുന്നു. വിവരമറിഞ്ഞയുടൻ ഷഹാപൂരിലെ റിസോർട്ടിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മിഹിർ വിരാറിലേക്ക് രക്ഷപ്പെടുകയായിരുന്നു.
റിസോട്ടിലുണ്ടായിരുന്ന മിഹിറിന്‍റെ സുഹൃത്ത് ചൊവ്വാഴ്‌ച രാവിലെബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്‌തതോടെയാണ് പൊലീസ് സ്ഥലം കണ്ടെത്തിയത്. മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌ത പൊലീസ് ഇയാളുടെ സുഹൃത്തുക്കളെയും അമ്മയെയും സഹോദരിമാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം മിഹിർ വിരാർ ഫാറ്റയിലുണ്ടെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് പൊലീസ് ഇവിടെയെത്തിയാണ് ഇയാളെ പിടികൂടിയത്.
Also Read : അമിത വേഗതിയലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം - luxury car accident in Mumbai