ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി നേതാവായ സുധേഷ് റായിയെ എംഎൽഎ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ. മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ സുധേഷ് റായി അനധികൃത മദ്യശാല നടത്തുകയാണെന്നും ഇത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരകഷയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും പ്രജ്ഞാ സിങ് ആരോപിച്ചു.
തന്‍റെ മണ്ഡലമായ ഭോപ്പാലിലെ വിവിധ മേഖലകളിൽ സന്ദർശനത്തിനെത്തിയ ശേഷമാണ് താക്കൂർ സ്വന്തം പാർട്ടിയിലെ തന്നെ എംഎൽഎയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. മേഖലകളിൽ ഒരു സ്‌കൂളിന് മുന്നിൽ അനധികൃത മദ്യ വിലാപനം ശാല നടത്തുന്നതായും അവിടെയെത്തുന്ന ആളുകൾ തങ്ങൾക്കു നേരെ അസഭ്യപ്രയോഗങ്ങൾ നടത്തുന്നതായും ഏതാനും പെൺകുട്ടികൾ തന്നോട് പരാതിപ്പെട്ടുവെന്ന് താക്കൂർ പറയുന്നു.
സുരക്ഷിതരല്ലെന്നും എന്തും സംഭവിക്കാമെന്നും സങ്കടത്തോടെയും കണ്ണീരോടെയുമാണ് പെൺകുട്ടികൾ പരാതി പറഞ്ഞത്. തങ്ങളുടെ വീട്ടിലേക്ക് ആളുകൾ മദ്യപിച്ച് എത്തുന്നുവെന്ന് പ്രദേശത്തെ സ്ത്രീകളും പരാതിപ്പെടുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംഭവത്തെ കുറിച്ച് തിരക്കിയപ്പോൾ അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടിയെന്നും ബിജെപി എം പി കൂട്ടിച്ചേർത്തു.
"ഖജൂറിയ കാലാ ബംഗ്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്യവിൽപന ശാല ഭാരതീയ ജനതാ പാർട്ടി എംഎൽഎ സുധേഷ് റായിയുടെതാണെന്നാണ് നാട്ടുകാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം. എനിക്ക് ലജ്ജ തോന്നുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അദ്ദേഹത്തെപോലൊരു വ്യക്തിയെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് താക്കൂർ ആവശ്യപ്പെട്ടു.
എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ അധികാരികളെ അറിയിച്ചുട്ടുണ്ട്. സ്‌കൂളിന് മുന്നിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ ലൈസൻസ് നൽകാനാകില്ല. അതിനാൽ തന്നെ ഇത് അനധികൃത മദ്യശാലയാണെന്നും ബിജെപി എംപി പറഞ്ഞു.
അതേസമയം ബിജെപി ലോക്‌സഭാ എം പിയായ താക്കൂർ തനിക്കെതിയെ ഉയർത്തിയ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് സുധേഷ് റായ് മാധ്യമങ്ങളോട് പറഞ്ഞു.