ഭോപ്പാൽ : തപാൽ വകുപ്പിന്‍റെ ബ്രാൻഡ് അംബാസഡറായി നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഹേമ മാലിനിയെ നിയമിക്കണമെന്ന് മധ്യപ്രദേശിലെ ട്രൈബൽ അഫയേഴ്‌സ് മന്ത്രി വിജയ് ഷാ. ഹേമ മാലിനിയെ ബ്രാൻഡ് അംബാസഡറാക്കിയാല്‍ നിക്ഷേപ, സമ്പാദ്യ പദ്ധതികളിലേക്ക് കൂടുതൽ നിക്ഷേപം എത്തുമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്‌ച മധ്യപ്രദേശിലെ ഖണ്ട്വയിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (പിഒപിഎസ്‌കെ) ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിജയ് ഷാ. തപാൽ വകുപ്പിന് ബ്രാൻഡ് അംബാസഡർ ആയി ആരുമില്ല. ബോളിവുഡ് നടിയും ഭാരതീയ ജനതാ പാർട്ടിയുടെ മഥുര എംപിയുമായ ഹേമ മാലിനിയെ ബ്രാൻഡ് അംബാസഡർ ആയി നിയമിക്കൂ. എന്തുകൊണ്ടാണ് ഞാൻ ഹേമമാലിനിയെ നിര്‍ദേശിച്ചത്? അവര്‍ ഇന്ത്യൻ സംസ്കാരത്തിന്‍റെ മൂല്യങ്ങളുടെ പ്രതിരൂപമാണ്. കാഴ്‌ചക്കാർക്ക് മുഖം മറയ്‌ക്കേണ്ടി വരുന്ന ഒരു സിനിമളിലും ആവര്‍ അഭിനയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തപാൽ വകുപ്പിന്‍റെ സേവനങ്ങളെയും ഷാ അഭിനന്ദിച്ചു. തപാല്‍ വകുപ്പിന്‍റെ നിക്ഷേപ, സമ്പാദ്യ പദ്ധതികൾ ബാങ്കുകളേക്കാൾ മികച്ച പലിശ നൽകുന്നുണ്ട്. എന്നാല്‍ പ്രചാരണത്തില്‍ പിന്നിലായത് കാരണം നമ്മള്‍ പിന്നോട്ട് പോയി. ഹേമമാലിനി 3,4 തവണ എംപി ആയ വ്യക്തിയാണ്. പക്ഷേ നിങ്ങൾ തപാൽ വകുപ്പ് ഉദ്യോഗസ്ഥർ അവരെ നിങ്ങളുടെ ബ്രാൻഡ് അംബാസഡർ ആക്കുന്നില്ല. ഞാൻ ഹേമമാലിനിയുടെ ആരാധകനാണ്. പാവപ്പെട്ടവരുടെ എല്ലാ പണവും പെൻഷൻ അക്കൗണ്ടുകളും ഞങ്ങൾ ബാങ്കുകളിൽ നിന്ന് പിൻവലിച്ച് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുമെന്നും വിജയ് ഷാ പറഞ്ഞു.
Also Read : രാമേശ്വരം കഫേ സ്‌ഫോടനം; ബെല്ലാരി സ്വദേശി എൻഐഎ കസ്റ്റഡിയില്‍