ഭോപാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ മുൻ മന്ത്രി രാജ്‌കുമാർ പട്ടേലിന്‍റെയും ആദിവാസി നേതാവ് മുകേഷ് മൽഹോത്രയുടെയും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമന്ത്രി രാജ്‌കുമാർ പട്ടേൽ ബുധ്‌നിയിൽ നിന്നും, സഹരിയ ഗോത്രവർഗ നേതാവ് മുകേഷ് മൽഹോത്ര വിജയ്‌പൂരിൽ നിന്നും മത്സരിക്കും. കഴിഞ്ഞ ദിവസം (ഒക്‌ടോബർ 20) രാത്രിയിലാണ് സ്ഥാനാർഥിത്വ പ്രഖ്യാപനം നടന്നത്.
സെഹോർ ജില്ലയിലെ ബുധ്‌നി സീറ്റിലേക്ക് മുൻ എംപി രമാകാന്ത് ഭാർഗവയെ ബിജെപി ഇതിനകം നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്. അതേസമയം ഷിയോപൂർ ജില്ലയിലെ വിജയ്‌പൂർ മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവ് രാംനിവാസ് റാവത്തും മത്സരിക്കും.
വിജയ്‌പൂരിൽ മത്സരിക്കുന്ന മൽഹോത്ര സഹരിയ ഗോത്രത്തിൽ നിന്നുള്ള നേതാവാണ്. 2023 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് 44,128 വോട്ടുകൾ നേടിയപ്പോൾ രാംനിവാസ് റാവത്ത് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാംനിവാസ് റാവത്ത് ബിജെപിയിലേക്ക് കടക്കുകയും പിന്നീട് മോഹൻ യാദവ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയാകുകയും ചെയ്‌തിരുന്നു. രാംനിവാസ് റാവത്ത് മാറിയതിനെ തുടർന്നാണ് വിജയ്‌പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ബുധ്‌നി നിയമസഭാ സീറ്റിൽ മുൻ മന്ത്രി രാജ്‌കുമാർ പട്ടേലിനെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ഈ വർഷമാദ്യം വിദിഷ ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ച് കേന്ദ്രമന്ത്രിയായ മുൻ മുഖ്യമന്ത്രിയും ബിജെപി ഭാരവാഹിയുമായ ശിവരാജ് സിംഗ് ചൗഹാൻ രാജിവെച്ചതിനെ തുടർന്നാണ് ബുധ്‌നി മണ്ഡലത്തിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടുന്ന ഒബിസി (മറ്റ് പിന്നോക്ക വിഭാഗം) കിരാർ സമുദായത്തിൽ നിന്നുള്ളയാളാണ് പട്ടേൽ. ബുധ്‌നി നിയമസഭാ മണ്ഡലത്തിൽ ഈ സമുദായത്തിന് ഗണ്യമായ ജനസംഖ്യയുണ്ട്. 2006 മുതൽ തുടർച്ചയായി അഞ്ച് തവണയാണ് ശിവരാജ് സിംഗ് ചൗഹാൻ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
1993ൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്‌കുമാർ പട്ടേൽ വിജയിക്കുകയും അന്നത്തെ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിൻ്റെ മന്ത്രിസഭയിൽ മന്ത്രിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ റെയ്‌സൻ ജില്ലയിലെ ഭോജ്‌പൂരിൽ നിന്നും രാജ്‌കുമാർ പട്ടേൽ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടിരുന്നു.
നേരത്തെയും പല വിവാദങ്ങളിലകപ്പെട്ടിട്ടുള്ള വ്യക്തിയാണ് രാജ്‌കുമാർ പട്ടേൽ. 2009ലെ വിദിഷ ലോക്‌സഭാ സീറ്റിൽ നിന്നുള്ള നാമനിർദ്ദേശ പത്രിക അവസാന നിമിഷം ചില സാങ്കേതിക കാരണങ്ങളാൽ നിരസിച്ചതിനെ തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ബിജെപി നേതാവ് സുഷമ സ്വരാജിനെതിരെ മത്സരിച്ച പട്ടേൽ ഇത്തരമൊരു സാഹചര്യം ബോധപൂർവം സൃഷ്‌ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ 2014ൽ പട്ടേലിനെ വീണ്ടും പാർട്ടിയിൽ ഉൾപ്പെടുത്തി.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ വിശ്വസ്‌തനായ ബിജെപിയുടെ രമാകാന്ത് ഭാർഗവയെയാണ് രാജ്‌കുമാർ പട്ടേൽ ബുധ്‌നിയിൽ നേരിടുക. രണ്ട് മണ്ഡലങ്ങളിലെയും പോളിങ് നവംബർ 13ന് നടക്കും, നവംബർ 23നാകും വോട്ടെണ്ണൽ. പോളിങ് ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, വിജയ്‌പൂർ മണ്ഡലത്തിൽ 1,21,091 സ്ത്രീകളും 1,33,554 പുരുഷന്മാരും ഉൾപ്പെടെ 2,54,647 വോട്ടർമാരാണുള്ളത്.
ബുധ്‌നിയിൽ 2,76,397 പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിക്കും. ഇവരിൽ 1,33,280 സ്ത്രീകളും 1,43,111 പുരുഷൻമാരും മൂന്നാം ലിംഗത്തിൽ നിന്നുള്ള ആറ് പേരും 194 പേർ സർവീസ് വോട്ടർമാരുമാണ്. വിജയ്‌പൂർ അസംബ്ലി മണ്ഡലത്തിൽ 327, ബുധ്നിയിൽ ഇത് 363 പോളിങ് സ്‌റ്റേഷനുകളുണ്ടാകും.