നോയ്‌ഡ: രാജ്യമെമ്പാടുമായി 10,46,163 വാഹനാപകട നഷ്‌ടപരിഹാര കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്ന് വിവരാവകാശ രേഖ. 80,455 കോടി രൂപയുടെ നഷ്‌ടപരിഹാരമാണ് നല്‍കാനുള്ളത്. 2018-19 മുതല്‍ 2022-23 വരെ വാഹനാപകട നഷ്‌ടപരിഹാര കേസുകളില്‍ വന്‍ വര്‍ദ്ധനയുണ്ടായെന്നും വിവരാവകാശം വഴി ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
സുപ്രീം കോടതി അഭിഭാഷകന്‍ കെ സി ജെയിന്‍ കഴിഞ്ഞ മാസം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI) നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോടാണ് ഇദ്ദേഹം വിവരങ്ങള്‍ തേടിയത്. രാജ്യത്ത് മൊത്തം എത്ര വാഹനാപകടങ്ങള്‍ നഷ്‌ടപരിഹാര കേസുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും സംസ്ഥാന-ജില്ലാതലം വരെയുള്ള കണക്കുകളുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
IRDAI നല്‍കിയ വിവരമനുസരിച്ച് 2018-19, 2019-20, 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷ അവസാനങ്ങളില്‍ യഥാക്രമം 909166, 939160, 1008332, 1039323, 1046163 എന്നിങ്ങനെയാണ് നഷ്‌ടപരിഹാര കേസുകളുടെ എണ്ണം. നഷ്‌ടപരിഹാരത്തുക യഥാക്രമം 52713 കോടി, 61051 കോടി, 70722 കോടി, 74718 കോടി, 80455 കോടി എന്നിങ്ങനെയുമാണ്.
വാഹന തേഡ് പാര്‍ട്ടി ക്ലെയിമുകളുടെ ജില്ലാ, സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമല്ലെന്നും IRDAI വ്യക്തമാക്കി. തീര്‍പ്പാക്കാത്ത കേസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുന്നതായി ആഗ്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ കാലതാമസമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നഷ്‌ടപരിഹാര കേസുകള്‍ തീര്‍പ്പാക്കുന്നതിലുളള ഒച്ചിഴയില്‍ വേഗത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു ഇരയ്ക്ക് സാമ്പത്തിക സഹായം കിട്ടാന്‍ നാല് വര്‍ഷം വരെ വേണ്ടി വരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022-23 സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തീര്‍പ്പാക്കാനുള്ള നഷ്‌ടപരിഹാര കേസുകളുടെ എണ്ണം 10,39,323 ആയിരുന്നു. അക്കൊല്ലം വന്ന പുതിയ കേസുകളുടെ എണ്ണം 4,54,944 ഉം. അങ്ങനെ ആകെ തീര്‍പ്പ് കല്‍പ്പിക്കാനുള്ള നഷ്‌ടപരിഹാര കേസുകളുെടെ എണ്ണം 14,94267 ആയി. ഇതില്‍ കേവലം 4,48,104 കേസുകള്‍ മാത്രമാണ് തീര്‍പ്പ് കല്‍പ്പിക്കാനായത്. മൊത്തം കേസുകളുടെ കേവലം 29 ശതമാനം മാത്രമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വരുമ്പോള്‍ ഒരു നഷ്‌ടപരിഹാര കേസില്‍ തീരുമാനമെടുക്കാന്‍ നാല് വര്‍ഷം വേണ്ടി വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഷ്‌ടപരിഹാര കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടാകുന്ന ഈ കാലതാമസം പരിഹരിക്കാനായി അഡ്വ. ജെയിന്‍ സുപ്രീം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി നല്‍കി. നഷ്‌ടപരിഹാരം നല്‍കാനായി ഒരിടക്കാല പദ്ധതി രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. മോട്ടോര്‍വാഹന നിയമത്തിലെ 164എ വകുപ്പ് അനുസരിച്ച് പദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ ഇരകള്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും സഹായം നല്‍കണമെന്നും അദ്ദേഹം തന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Also Read: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് റിട്ട. എസ്ഐ മരിച്ചു