ബെംഗളൂരു (കർണാടക) : ബെംഗളൂരുവിലെ ജലഹള്ളിയിൽ ഏഴ് വയസുള്ള മകനെയും ഒമ്പത് വയസുള്ള മകളെയും കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്‌റ്റിൽ. ഗംഗാദേവിയാണ് പ്രതി. ലക്ഷ്‌മി, ഗൗതം എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം യുവതി കുറ്റകൃത്യം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഗംഗാദേവിയുടെ കുടുംബം ബെംഗളൂരുവിലാണ് താമസം. ഒരു സ്വകാര്യ കമ്പനിയിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഇവരുടെ ഭർത്താവ് ബിബിഎംപിയിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളിയായി ജോലി ചെയ്‌ത് വരികയായിരുന്നു. മാർച്ച് മാസത്തിലാണ് ഗംഗാദേവി ഭർത്താവിനെതിരെ പരാതി നൽകിയത്. ഇതനുസരിച്ച് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്‌ച രണ്ട് കുട്ടികൾക്കൊപ്പം ഉഗാദി ആഘോഷിച്ച ഗംഗാദേവി രാത്രി കുട്ടികളെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
"രാത്രി 1 മണിയോടെ ഞങ്ങൾക്ക് കോൾ ലഭിച്ചു. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ, കുട്ടികളെ കൊന്നതായി യുവതി സമ്മതിച്ചു. പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതെ'ന്ന് ബെംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി സെയ്‌ദുലു അദവത്ത് പറഞ്ഞു.
കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടായതിനെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിലാണ് പ്രതി ഈ കൃത്യം നടത്തിയതെന്നാണ് വിവരം. പ്രതിയെ ജാലഹള്ളി പൊലീസ് കസ്‌റ്റഡിയിലെടുത്തതായും കൂടുതൽ ചോദ്യം ചെയ്‌തതായും ഡിസിപി സെയ്‌ദുലു അദവത്ത് അറിയിച്ചു.
കാസർകോട് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു : കാസർകോട് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു. ചീമേനി ചെമ്പ്രക്കാനത്ത് സജന (30) ആണ് മക്കളായ ഗൗതം (9)നെയും തേജസ് (6)നെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. സജന ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരാണ്.
രണ്ട് കുട്ടികൾക്കും സജന വിഷം കൊടുത്ത ശേഷം അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി.
വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കാണ് സജന. സംഭവത്തിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ (മാർച്ച് 9) ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്.