ബെംഗളൂരു (കർണാടക): ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അമ്മ രമ്യ (35) യെ ബംഗളൂരു സുബ്രഹ്മണ്യപൂർ സ്‌റ്റേഷൻ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മകളായ പ്രീതികയെ ആണ് രമ്യ കൊലപ്പെടുത്തിയത്.
രമ്യയുടെ ഭർത്താവ് വെങ്കിടേഷ് നോർവേയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. രമ്യയുടെ ഭർതൃ മാതാപിതാക്കൾ വാഴറഹള്ളിയിലാണ് താമസിക്കുന്നത്. 11 വർഷം മുമ്പ് വിവാഹിതരായ രമ്യ- വെങ്കിടേഷ് ദമ്പതികൾക്ക് ഇരട്ട പെൺകുട്ടികളാണ് പിറന്നത്. ഇതിൽ പ്രീതികയ്ക്ക് ചില മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു.
ഇരട്ടകുട്ടികളിൽ ഒരാളായ രണ്ടാമത്തെ കുട്ടി ആരോഗ്യവാനായി സ്‌കൂളിൽ പോകുന്നു. എന്നാൽ അസുഖം കാരണം പ്രീതികയെ സ്‌കൂളിൽ അയച്ചില്ല. ഇത് രമ്യയെ വേദനിപ്പിച്ചു. അവൾ കുട്ടിയെ കൊല്ലാൻ തീരുമാനിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്‌തു. പിന്നീട് ആശുപത്രിയിൽ വന്ന് കുട്ടിയെ കാണിക്കുകയായിരുന്നു.
ആശുപത്രിയിലെ ഡോക്‌ടർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് രമ്യയെ അറസ്‌റ്റ് ചെ്യ്‌തത്. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. നോർവേയിലുള്ള ഭർത്താവിനെ വിവരമറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് സിറ്റി സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ഭരമപ്പ അറിയിച്ചു.