ബെംഗളൂരു: മക്കള്‍ക്കൊപ്പം പരീക്ഷയെഴുതി അമ്മമാരും പാസാകുന്ന കഥകള്‍ നമ്മള്‍ സിനിമിയിലൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാണ്. അങ്ങനെയൊരു കഥ യഥാര്‍ഥ ജീവിതത്തിലും സംഭവിച്ചാലോ ? കര്‍ണാടക എസ്‌എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു അപൂര്‍വ നേട്ടത്തിന്‍റെ കഥയും പുറത്തുവന്നിരിക്കുന്നത്.
കർണാടക സ്‌കൂൾ എക്‌സാമിനേഷൻ ആൻഡ് അസസ്‌മെൻ്റ് ബോർഡ് (കെഎസ്ഇഎബി) പത്താം ക്ലാസ് പരീക്ഷഫലം മെയ് 9നാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ റിസള്‍ട്ട് വന്നപ്പോള്‍ ഹാസൻ ജില്ലയിലെ ഒരു കുടുംബത്തിന് ഇരട്ടി മധുരം. ഒരു വീട്ടില്‍ നിന്നും പരീക്ഷയെഴുതിയ അമ്മയും മകനും ജയിച്ചു.
ഹാസൻ ജില്ലയില്‍ ആലൂർ താലൂക്കിലെ ചിന്നല്ലി ഗ്രാമത്തിൽ താമസിക്കുന്ന ഭുവനേഷിൻ്റെ ഭാര്യ ടിആർ ജ്യോതിയും (38) മകൻ സി ബി നിതിനുമാണ് പരീക്ഷ പാസായത്. സകലേഷപുര്‍ താലൂക്കിലെ ബല്ലുപേട്ടുള്ള വിവേക കോണ്‍വെന്‍റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നിതിൻ. അമ്മ ജ്യോതി ഇതിന് മുൻപും പരീക്ഷയെഴുതിയിട്ടുണ്ട്.
ഇത്തവണ ഫലം പുറത്തുവന്നപ്പോള്‍ അമ്മ ടി ആർ ജ്യോതി പാസായത് 250 മാര്‍ക്ക് നേടി. മകൻ നിതിന് ലഭിച്ചതാകട്ടെ 582 മാര്‍ക്കും. എസ്എസ്എൽസി പരീക്ഷയില്‍ അമ്മയും മകനും പാസായതോടെ ഇരട്ടി ആഘോഷത്തിലാണ് കുടുംബം.
Also Read: ഹയര്‍ സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിജയ ശതമാനം താഴ്ന്നു; ഫുള്‍ എ പ്ലസുകള്‍ കൂടി