ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പള്ളി ഇമാം വെടിയേറ്റ് മരിച്ചു. ഭൈൻസിയ ഗ്രാമത്തിലെ വലിയ പള്ളിയിലെ ഇമാം മൗലാന അക്രം ആണ് കൊല്ലപ്പെട്ടത്. ഇന്ന് (ജൂണ്‍ 11) പുലര്‍ച്ചെ 4 മണിക്കാണ് സംഭവം.
വീട്ടിലെത്തിയ അക്രമി സംഘം ഇമാമിന്‍റെ മൊബൈലില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഫോണ്‍ കോള്‍ വന്നതോടെ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു മൗലാന അക്രം പുറത്തേക്ക് വന്നു. ഇതോടെ അക്രമി സംഘം ഇമാമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിലാണ് ഇമാമിന് വെടിയേറ്റത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇമാം സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവ സ്ഥലത്ത് നിന്ന് അല്‍പം മാറി 312 ബോർ പിസ്‌റ്റൾ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇമാമിന്‍റെ ഫോണിലേക്ക് അവസാനം വിളിച്ച അക്രമി സംഘത്തിന്‍റെ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗ്രാമവാസികളെയും കുടുംബാംഗങ്ങളെയും അടക്കം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
രാംപൂർ ജില്ല സ്വദേശിയായ അക്രം കഴിഞ്ഞ 15 വര്‍ഷമായി പള്ളിയില്‍ ഇമാമാണ്. പള്ളിയില്‍ സ്ഥിരമായതോടെ മസ്‌ജിദിന് സമീപത്ത് തന്നെ വീട് നിര്‍മിച്ച് താമസിക്കുകയായിരുന്നു. ഭാര്യയും ആറ് മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇമാമിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
Also Read: ബാറിലെ ഡിജെ വെടിയേറ്റ് മരിച്ചു; അക്രമികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്