ചണ്ഡീഗഢ്: ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബറോലി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി അവധി ദിവസങ്ങളുളളത് വോട്ടിങ് ശതമാനത്തില്‍ കുറവ് വരുത്തും എന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാന്‍ ബിജെപി നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. നിലവില്‍ 90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ ഒന്നിന് ശേഷം വോട്ടെടുപ്പ് നടത്തണമെന്നാണ് ബറോലി ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് മുമ്പും ശേഷവും അവധി ദിവസങ്ങളാണ്. സെപ്‌തംബർ 28 (ശനി), 29 (ഞായർ) വാരാന്ത്യങ്ങൾ ആയതിനാലുളള അവധി. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒക്ടോബർ ഒന്നിന് അവധി ആയിരിക്കും. പോളിങ് ദിവസം കഴിഞ്ഞ് ഒക്ടോബർ രണ്ട് (ഗാന്ധി ജയന്തി), ഒക്ടോബർ മൂന്ന് (അഗ്രസെൻ ജയന്തി) എന്നിങ്ങനെ രണ്ടു ദിവസം തുടർച്ചയായി അവധിയാണ്.
തെരഞ്ഞെടുപ്പ്, അവധി ദിവസങ്ങള്‍ക്ക് ഇടയിലായത് വോട്ടിങ്ങിനെ ബാധിച്ചേക്കാം. അതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണം എന്നാണ് ഇമെയില്‍ വഴി ബിജെപി നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒറ്റഘട്ടമായി നടക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിന്‍റെ ഫലം ഒക്‌ടോബർ നാലിന് പ്രഖ്യാപിക്കും.
സെപ്‌തംബർ അഞ്ചിന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അതേ ദിവസം മുതൽ നാമനിർദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്യാം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 12 ആണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 16 ആണ്.