മാലെ: ഇന്ത്യയെ ഇപ്പോഴും സുഹൃത്തായി കാണുന്നുവെന്ന് മാലിദ്വീപ് ധനകാര്യ മന്ത്രി മുഹമ്മദ് സയീദ്. മാലിദ്വീപ് രണ്ട് രാജ്യങ്ങളുടെ മാത്രമല്ല മുഴുവന്‍ രാജ്യങ്ങളുടെയും സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി ആസ്ഥാനമായുള്ള വാര്‍ത്ത ഏജന്‍സിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് സയീദി.
മാലിദ്വീപ് ഒരു ടൂറിസ്റ്റ് രാജ്യമാണ്. മുഴുവന്‍ ലോകരാജ്യങ്ങള്‍ക്കുമായി മാലിദ്വീപിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. വ്യാപാരത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യ, ചൈന തുടങ്ങി രണ്ട് വിപണികളും മാലിദ്വീപിന് പ്രധാനമാണ്.
മാലിദ്വീപിലെ ഇന്ത്യന്‍ സന്ദര്‍ശകരുടെ വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറയുമ്പോള്‍ മറ്റിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉദാഹരണത്തിന് കൊവിഡിന് മുമ്പ് സന്ദര്‍ശകരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈന ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് ഇത് കുറഞ്ഞു.
മഹാമാരി വിട്ടൊഴിഞ്ഞതോടെ സ്ഥിതി പഴയത് പോലെയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കവേയാണ് മന്ത്രിയുടെ പ്രതികരണം. മാലിയിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പരാമര്‍ശത്തെയും മന്ത്രി ന്യായീകരിച്ചു. കഴിഞ്ഞ നവംബറിലാണ് മാലിയുടെ പ്രസിഡന്‍റായി മുഹമ്മദ് മുയിസു സ്ഥാനമേറ്റത്. ചുമതലയേറ്റ് മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. സൈനികരുടെ സാന്നിധ്യം മാലിദ്വീപിന്‍റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് മുയിസുവിന്‍റെ വാദം.
പ്രസിഡന്‍റിന്‍റെ തീരുമാനത്തില്‍ മാറ്റങ്ങളില്ലാതായതോടെ ഹെലികോപ്‌റ്റര്‍ അടക്കം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ ആദ്യ ബാച്ച് മാലി വിട്ടിരുന്നു. രണ്ടാമത്തെ ബാച്ചിനെയും ഉടന്‍ പിന്‍വലിക്കണമെന്നാണ് മുയിസു പറയുന്നത്. ഈ മാസത്തോടെ രണ്ടാമത്തെ ബാച്ചിനെയും മെയ് 10നകം മൂന്നാമത്തെ ബാച്ചിനെയും പിന്‍വലിക്കണമെന്നാണ് നിര്‍ദേശം.
നവംബറില്‍ പ്രസിഡന്‍റ് സ്ഥാനമേറ്റ മുയിസു ഇക്കഴിഞ്ഞ ജനുവരിയില്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാരകമല്ലാത്ത ആയുധങ്ങള്‍ അവയുടെ പരിശീലനങ്ങള്‍ തുടങ്ങി നിരവധി കരാറുകളില്‍ പ്രസിഡന്‍റ് ചൈനയുമായി കരാറില്‍ ഒപ്പിട്ടു. ഇത് പ്രസിഡന്‍റിനെതിരെ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധത്തിന് കാരണമായി.