ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രംഗത്ത്. തെരഞ്ഞെടുപ്പ് വേളയിലെ വിദ്വേഷ പ്രസംഗങ്ങളിലൂടെ മോദി പൊതുപ്രവര്‍ത്തകരുടെ അന്തസ് കെടുത്തുന്നുവെന്നും പ്രധാനമന്ത്രി പദത്തിന്‍റെ വില ഇടിച്ചു താഴ്‌ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് മാത്രമേ വളര്‍ച്ചയിലധിഷ്‌ഠിതമായ പുരോഗതി ഉറപ്പ് നല്‍കാനും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനും സാധിക്കൂ എന്നും മന്‍മോഹന്‍സിങ്ങ് ചൂണ്ടിക്കാട്ടി.
ശനിയാഴ്‌ച ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ വോട്ടര്‍മാർക്കെഴുതിയ കത്തിലായിരുന്നു സിങ്ങിന്‍റെ പരാമര്‍ശങ്ങള്‍. സൈന്യത്തില്‍ അഗ്നിവീര്‍ പദ്ധതി നടപ്പാക്കിയതിനെയും മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. രാജ്യസ്നേഹം, ധൈര്യം, സേവനം എന്നിവയ്ക്ക് കേവലം നാല് വര്‍ഷത്തെ മൂല്യം മാത്രമേ ഉള്ളൂവെന്ന് ബിജെപി കരുതുന്നു. അവരുടെ കപകട ദേശീയതയാണ് ഇത് വെളിവാക്കുന്നത്. വോട്ടര്‍മാര്‍ക്കുള്ള കത്തിലാണ് ഇക്കാര്യങ്ങള്‍ സിങ്ങ് ചൂണ്ടിക്കാട്ടിയത്.
താന്‍ ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു. മോദിയാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ എല്ലാം തന്നെ ഭിന്നിപ്പുകള്‍ ഉണ്ടാക്കുന്നതായിരുന്നു. പൊതു പ്രസംഗങ്ങളുടെ വിലയിടിച്ച ആദ്യത്തെ പ്രധാനമന്ത്രി അദ്ദേഹമാണ്. പ്രധാനമന്ത്രി പദത്തിന്‍റെ വിലയും മോദി ഇല്ലാതാക്കിയിരിക്കുന്നെന്ന് മൻമോഹൻ സിങ്ങ് വിമർശിച്ചു.
മുന്‍കാലങ്ങളില്‍ ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ല. അണ്‍പാര്‍ലമെന്‍ററിയായി സംസാരിച്ചിട്ടില്ല. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയും പ്രതിപക്ഷത്തെയും ലക്ഷ്യമിട്ടും സംസാരിച്ചിട്ടില്ല. അദ്ദേഹം തനിക്കെതിരെയും ചില വ്യാജ പരാമര്‍ശങ്ങള്‍ നടത്തി. താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു സമുദായത്തെയും വ്യത്യസ്‌തമായി വീക്ഷിച്ചിട്ടില്ല. ഇതിന്‍റെയെല്ലാം മൊത്തം പകര്‍പ്പവകാശക്കാര്‍ ബിജെപിയാണ്.
രാജ്യത്തെ എല്ലാ വിഭവങ്ങളുടെയും ആദ്യ അവകാശികള്‍ മുസ്‌ലിങ്ങളാണെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞതായി മോദി ആരോപിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സിങ്ങ് പറഞ്ഞു. അപമാനവത്ക്കരണം ഇതിന്‍റെ ഉത്തുംഗശൃംഗത്തിലെത്തിയിരിക്കുന്നു. നശീകരണ ശക്തികളില്‍ നിന്ന് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും മന്‍മോഹന്‍ സിങ്ങ് കൂട്ടിച്ചേർത്തു.
Also Read: 'ഗാന്ധി സിനിമയിറങ്ങും മുന്‍പ് മഹാത്മാ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നു': നരേന്ദ്ര മോദി