ലഖ്‌നൗ: ഫെബ്രുവരി 27 ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌ത നാല് സമാജ്‌വാദി പാർട്ടി എംഎൽഎമാർക്ക് വൈ കാറ്റഗറി സുരക്ഷ. അഭയ് സിങ്ങ് (ഗോസായ്‌ഗഞ്ച്), മനോജ് കുമാർ പാണ്ഡെ (ഉഞ്ചഹാർ), രാകേഷ് പ്രതാപ് സിങ്ങ് (ഗൗരിഗഞ്ച്), വിനോദ് ചതുർവേദി (കൽപി) എന്നിവർക്കാണ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്.
അഭയ് സിങ്ങിന് വെള്ളിയാഴ്‌ചയാണ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. മറ്റ് മൂന്ന് പേർക്ക് ഇന്നലെയാണ് (23-03-24) സുരക്ഷ ലഭിച്ചതെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈ കാറ്റഗറി സുരക്ഷയുടെ ഭാഗമായി എട്ട് സിആർപിഎഫ് ജവാൻമാർ വീതമാകും എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കുക. അഞ്ച് ജവാൻമാരെ എംഎല്‍എമാരുടെ വസതികൾക്ക് കാവലിന് നിയോഗിക്കും. മറ്റ് ജവാൻമാർ എംഎല്‍എമാർക്കൊപ്പം യാത്ര ചെയ്യും.
Also Read: ക്രോസ് വോട്ട് ചെയ്‌ത എംഎൽഎമാർ തിരിച്ചെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ബിജെപി
സുരക്ഷ ലഭിച്ച നാല് എംഎൽഎമാരെക്കൂടാതെ മൂന്ന് പാർട്ടി നിയമസഭാംഗങ്ങൾ കൂടി രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്‌തിരുന്നു. പൂജാ പാൽ, രാകേഷ് പാണ്ഡെ, അശുതോഷ് മൗര്യ എന്നിവരാണ് വോട്ട് മാറ്റി ചെയ്‌ത മറ്റുള്ളവര്‍. ഇവര്‍ വോട്ട് മറിച്ചതോടെയാണ് ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സേത്ത് സമാജ്‌വാദി പാർട്ടി നോമിനി അലോക് രഞ്ജനെ പരാജയപ്പെടുത്തിയത്. മറ്റൊരു സമാജ്‌വാദി പാർട്ടി എംഎൽഎയായ മഹാരാജി പ്രജാപതി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.