ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌ത 14 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടൻ തന്നെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കണമെന്നും കനത്ത പിഴകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 7 ന് ആണ് പുതുക്കോട്ടയിൽ നിന്നും 14 മത്സ്യത്തൊഴിലാളികളും മൂന്ന് ബോട്ടുകൾ ഉൾപ്പെടെ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് വർധിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വർഷം മാത്രം (2024 സെപ്റ്റംബർ 7 വരെ), 350 മത്സ്യത്തൊഴിലാളികളും 49 മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു. കഴിഞ്ഞ ആറ് വർഷത്തിനിടയിലുളള ഏറ്റവും വലിയ വർധനവാണിതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീലങ്കൻ കോടതികൾ മത്സ്യത്തൊഴിലാളികൾക്ക് വലിയ പിഴ ചുമത്തുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, മത്സ്യത്തൊഴിലാളികൾക്കെതിരെ ചുമത്തുന്ന പിഴയിൽ ഇളവ് ഉറപ്പാക്കാൻ കേന്ദ്രം ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ചു.