കോയമ്പത്തൂര്‍ (തമിഴ്‌നാട്): ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ പദ്ധതികളുമായി തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി പുദുമൈ പെണ്‍ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനും പെണ്‍കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. തമിഴ്‌നാട് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് കോയമ്പത്തൂരില്‍ നടന്നു. ആറു മുതല്‍ പന്ത്രണ്ട് വരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. രാവിലെ 11.30ന് കോയമ്പത്തൂര്‍ ഗവണ്‍മെന്‍റ് ആര്‍ട്‌സ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അക്കൗണ്ടുകളിലേക്ക് പണം ഉടനെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 3.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതിനായി 360 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
അതേസമയം ആണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തമിഴ് പുദൽവൻ പദ്ധതി ഈ വര്‍ഷം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മുതല്‍ 12 വരെ ക്ലാസുകള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 1000 രൂപയാണ് വിതരണം ചെയ്യുക.
Also Read: കേന്ദ്ര ബജറ്റ്: 'തമിഴ്‌നാടിനോട് വിവേചനപരമായ നടപടിയുണ്ടായി'; പ്രതിഷേധവുമായി ഡിഎംകെ