ചെന്നൈ : ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ സജ്ജരാകണമെന്ന് ഡിഎംകെ പ്രവര്‍ത്തകരോട് തമിഴ്നാട് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിന് (Loksabha Election 2024). ഫാസിസത്തെ പരാജയപ്പെടുത്താനും, വര്‍ഗീയ രാഷ്ട്രീയത്തിന് പൂര്‍ണവിരാമമിടാനും ഇന്ത്യാസഖ്യത്തിന്റെ വിജയം അനിവാര്യമാണ്. 71ാം ജന്മദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർക്കുള്ള സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ താഴെയിറക്കേണ്ട ജനാധിപത്യ യുദ്ധത്തിന് സജ്ജരാകാന്‍ സ്റ്റാലിന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
പരാജയ ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്കിടെ തമിഴ്നാട്ടിലെത്തുന്നത്. കേന്ദ്രസർക്കാറിന്റെ പദ്ധതികളിൽ ഡിഎംകെ സർക്കാർ സഹകരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ ആക്ഷേപം. മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം പ്രകടമാണെന്നും അത് ദേഷ്യമായി പുറത്തുവരികയാണെന്നും തമിഴ്നാട്ടിലേക്കുള്ള പതിവ് സന്ദർശനങ്ങള്‍ പരാമർശിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി (MK Stalin).
തന്റെ പദവിയുടെ മഹത്വം പോലും മറന്നാണ് അദ്ദേഹം ഡിഎംകെയെ ഉന്മൂലനം ചെയ്യുമെന്നൊക്കെ പറയുന്നത്. ഡിഎംകെയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തമിഴ്നാടിന്റെ ചരിത്രത്തിലുണ്ടെന്നും സ്റ്റാലിന് തന്റെ സന്ദേശത്തില്‍ പറയുന്നു. പ്രളയ ദുരിതാശ്വാസത്തിന് പോലും പണം നൽകാതെ, കരുണയില്ലാത്ത ഭരണം നടത്തുന്ന പ്രധാനമന്ത്രിക്ക് ഡിഎംകെയെ കുറ്റപ്പെടുത്താൻ അർഹതയില്ലെന്നും സ്റ്റാലിൻ വിമര്‍ശിച്ചു (MK Stalin Against Modi).
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ജനാധിപത്യ സംവിധാനത്തില്‍ തുടരാന്‍ ബിജെപിക്ക് അവകാശമുണ്ട്. ഭരണകക്ഷി എന്ന നിലയില്‍ പരാജയപ്പെട്ടതിനാല്‍ തന്നെ നല്ല പ്രതിപക്ഷമായി മാറാന്‍ ബിജെപിക്ക് കഴിയട്ടെ എന്നും സ്റ്റാലിന് പറഞ്ഞു.