വില്ലുപുരം (തമിഴ്‌നാട്) : പാർസൽ വാങ്ങിയ ഭക്ഷണത്തിനൊപ്പം അച്ചാർ നൽകാത്തതിന് ഉപഭോക്താവ് നൽകിയ പരാതിയിൽ റെസ്റ്റോറൻ്റ് ഉടമയോട് 30,000 രൂപ നഷ്‌ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് കോടതി. തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ വാലുടറെഡ്ഡിയിലാണ് സംഭവം. 2022 നവംബർ 28 നാണ് കേസിനാസ്‌പദമായ സംഭവം. ജീവകാരുണ്യ പരിപാടിക്കായി ഓർഡർ ചെയ്‌ത ഭക്ഷണപ്പൊതികളിൽ അച്ചാറുകൾ ഉൾപ്പെടുത്താത്തതിൽ ആരോഗ്യസ്വാമി എന്നയാളാണ് പരാതി നൽകിയത്.
ഓൾ കൺസ്യൂമേഴ്‌സ് പബ്ലിക് എൻവയോൺമെൻ്റൽ വെൽഫെയർ അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റായി സേവനമനുഷ്‌ടിക്കുന്ന ആരോഗ്യസ്വാമി തന്‍റെ ബന്ധുവിന്‍റെ ചരമ വാർഷിക ദിനത്തിൽ വയോധികർക്ക് ഭക്ഷണം നൽകാനാണ് സമീപത്തുള്ള ബാലമുരുകൻ റെസ്റ്റോറൻ്റിൽ നിന്ന് 25 ഭക്ഷണപ്പൊതികൾ വാങ്ങിയത്. 80 രൂപ നിരക്കിൽ വാങ്ങിയ ഭക്ഷണപ്പൊതികളിൽ ഒന്നിലും തന്നെ അച്ചാർ ഉണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യസ്വാമി റെസ്റ്റോറൻ്റിലെത്തി ഒരു ഭക്ഷണപ്പൊതിയിലെ അച്ചാറിന് ഒരു രൂപ നിരക്കിൽ 25 രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇത് ഉടമ വിസമ്മതിച്ചു. തുടർന്ന് ആരോഗ്യസ്വാമി വില്ലുപുരം ജില്ല ഉപഭോക്തൃ പരാതി സമിതിക്ക് പരാതി നൽകുകയായിരുന്നു. കേസ് പരിഗണിക്കവെ അച്ചാർ ഉൾപ്പെടുത്തുന്നതിൽ റെസ്റ്റോറൻ്റിൻ്റെ പരാജയം സേവനത്തിലെ പോരായ്‌മയാണെന്ന് കമ്മിറ്റി പറഞ്ഞു. തുടർന്ന് ആരോഗ്യസ്വാമിക്ക് നഷ്‌ടപരിഹാരമായി 30,000 രൂപയും വ്യവഹാരച്ചെലവിന് 5,000 രൂപയും അച്ചാറിന് 25 രൂപയും നഷ്‌ടപരിഹാരം നൽകാനും റെസ്റ്റോറൻ്റ് ഉടമയോട് കോടതി ആവശ്യപ്പെട്ടു. പരാതിക്കാരന് പണം നൽകാൻ റസ്റ്റോറൻ്റ് ഉടമയ്ക്ക് 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ പ്രതിമാസം 9 ശതമാനം പലിശ നിരക്കിൽ അധിക പിഴ ഈടാക്കുമെന്നും കോടതി വിധിച്ചു.
Also Read: അഭിഭാഷകനെതിരെ കേസ്: നെയ്യാറ്റിൻകര കുടുംബ കോടതിയിൽ ജഡ്‌ജിക്ക് നേരെ പ്രതിഷേധം