ഹൈദരാബാദ് : അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ മരണം തുടർക്കഥയാകുന്നു. ആഴ്‌ചകൾക്ക് മുമ്പ് ക്ലീവ്‌ലാൻഡിൽ വച്ച് കാണാതായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്‌ദുൾ അർഫാത്ത് (25) ആണ് മരിച്ചത്. ന്യൂയോർക്കിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
"മുഹമ്മദ് അബ്‌ദുൾ അർഫാത്തിനെ കണ്ടെത്തുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസമായി അനേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. സംഭവത്തിൽ കൂടുതൽ വിവരം ലഭിക്കുന്നതിനായി ലോക്കൽ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. മൃതദേഹം എത്തിക്കാനായുള്ള എല്ലാ സഹായവും ചെയ്യും" -ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്‌തു.
ക്ലീവ്‌ലാൻഡ് സർവകലാശാലയിൽ ഐടി ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഹൈദരാബാദ് സ്വദേശി അർഫാത്തിനെ മാർച്ച് 7 മുതലാണ് കാണാതായത്. അതേസമയം അജ്ഞാതർ തന്നെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പിതാവ് മുഹമ്മദ് സലിം വെളിപ്പെടുത്തി. 1200 ഡോളർ ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ വന്നത്. പണം നൽകിയില്ലെങ്കിൽ മകൻ്റെ വൃക്ക വിൽക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.
അർഫാത്തിനെ പിടിച്ചുകൊണ്ടുപോയതിന് തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അതിനു തയ്യാറായില്ല എന്നും സലിം പറഞ്ഞു. സംസാരത്തിനിടെ ആരോ കരയുന്ന ശബ്‌ദം കേട്ടിരുന്നു. തുടർന്ന് അമേരിക്കയിലുള്ള ബന്ധുക്കളെ ബന്ധപ്പെടുകയും അജ്ഞാതരുടെ ഫോൺ നമ്പർ കൈമാറിയെന്നും ക്ലീവ്‌ലാൻഡ് പൊലീസിന് കൈമാറാൻ പറഞ്ഞതായും അർഫാത്തിന്‍റെ പിതാവ് കൂട്ടിച്ചേർത്തു.
മാർച്ച് എട്ടിനാണ് അർഫാത്തിനെ കാണാതായതായി ബന്ധുക്കൾ ക്ലീവ്‌ലാൻഡ് പൊലീസിൽ പരാതി നൽകി. ശേഷം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മകനോട് അവസാനമായി സംസാരിച്ചത് മാർച്ച് ഏഴിനാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കഴിഞ്ഞ നാല് മാസത്തിനിടയ്‌ക്ക് 11 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിൽ മരിച്ചത്.
Also Read:പഠിക്കാൻ പറഞ്ഞതിന് ബിരുദ വിദ്യാർഥിയെ ഹോസ്‌റ്റലിൽ കൊലപ്പെടുത്തി